മുന്നണികളെ ആശങ്കയിലാക്കുന്നതാണ് തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്. വലിയ രീതിയില്‍ പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവില പോളിംഗ് റെക്കോര്‍ഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക് കൂട്ടല്‍. പക്ഷെ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. കൊച്ചി കോര്‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്.
എന്നാല്‍ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണ വിജയ പ്രതീക്ഷയില്‍ തന്നെയാണ്. തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്നും ഉമ തോമസ് കൂട്ടി ചേര്‍ത്തു. കള്ളവോട്ട് നടന്നെങ്കിലും യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. സര്‍ക്കാരിന്റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു.
തൃക്കാക്കരയില്‍ ബിജെപി കരുത്ത് കാട്ടുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ അവകാശവാദം. ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കും. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പ്രതികരിച്ചത്. യുഡിഎഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാകുമെന്നും ജോ ജോസഫ് പറഞ്ഞു. പരാജയത്തേക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ചു. നാളെ മുതല്‍ ആശുപത്രിയില്‍ പോയി തുടങ്ങും. ജയപരാജയം തൊഴിലിനെ ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.