സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷമാണ് അദ്ധ്യയനം സാധാരണ നിലയിലാകുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്നത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളുകളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയം നാടിന്റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രം.ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല.’-മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
കുട്ടികളുടെ സുരക്ഷയില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും വിപുലമായ പരിപാടികളാണ് നടക്കുന്നത്. കൊവിഡ് ഭീതി പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്കി. ഉച്ചഭക്ഷണം പങ്കിട്ട് കഴിക്കരുതെന്നും നിര്‍ദേശമുണ്ട്.