നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍ അറിയിച്ചു. ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും നടന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് നിഷേധിച്ചു. മൂന്നുമാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫൊറന്‍സിക് പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഫൊറന്‍സിക് പരിശോധനയുടെ പേരില്‍ ഇനി സമയം നീട്ടിനല്‍കരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറണമെന്ന അതിജീവിതയുടെ ആവശ്യം നിരസിച്ചു. ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നായിരുന്നു ആവശ്യം. തുടരന്വേഷണത്തിന്റെ സമയപരിധി തീരുമാനിച്ചത് തന്റെ ബെഞ്ചെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ജൂണ്‍ പത്തിലേക്കു മാറ്റിവച്ചു.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്. ഒരുപക്ഷേ, ബുധനാഴ്ച തന്നെ ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായേക്കും. നേരത്തെ, മേയ് 31-നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടിനല്‍കില്ലെന്നും ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.