തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
പൊലീസുകാരുടെ നരക ജീവിതം തുടരുകയാണെന്ന് പറഞ്ഞ വിഷ്ണുനാഥ് എട്ട് മണിക്കൂര്‍ ജോലി അവര്‍ക്കിനിയും സ്വപ്നം കാണാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ 118 പൊലീസുകാര്‍ ആവശ്യമാണ്. എന്നാല്‍ വെറും 44 പോലീസുകാരാണ് 118 പൊലീസുകാരുടെ ജോലി ചെയ്യുന്നത്. പൊലീസില്‍ നിന്നും സ്വയം വിരമിച്ചത് 148 പേരാണ്. അതില്‍ത്തന്നെ ഒരു ഡിവൈഎസ്പി സ്വയം വിരമിച്ച് ഗ്രാഫിക്‌സ് ഡിസൈനറായി ജോലി ചെയ്യുന്നുവെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ ചൂണ്ടികാട്ടി.
കളമശ്ശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസിന്റെ ആത്മഹത്യാകുറിപ്പും എംഎല്‍എ സഭയില്‍ വായിച്ചു. ‘നന്നായി പഠിക്കണം, പൊലീസില്‍ അല്ലാതെ ജോലി നേടണം, അമ്മയെ നോക്കണം’ എന്നുള്ള ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളും എംഎല്‍എ എടുത്തു പറഞ്ഞു.
പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി നല്‍കി. ‘ആത്മഹത്യാ പ്രവണത കുറയ്ക്കാന്‍ കൗണ്‍സിലിംഗ്, യോഗ തുടങ്ങിയവ സേനയില്‍ നടത്തിവരികയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് നടത്തിവരുന്നുണ്ട്. അര്‍ഹമായ ലീവുകള്‍ നല്‍കുന്നതിന് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സേനാംഗങ്ങളുടെ പരിശീലന കാലയളവില്‍ തന്നെ സാമ്പത്തിക അച്ചടക്കത്തെ സംബന്ധിച്ച് പരിശീലനം നല്‍കുന്നുമുണ്ട്’; മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ 16 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ എപ്പോഴാണ് യോഗ ചെയ്യുക എന്ന വിഷ്ണുനാഥിന്റെ ചോദ്യത്തിന് ജോലി കഴിഞ്ഞും യോഗ ചെയ്യാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊലീസില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നത് ശരിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സാമൂഹ്യ പ്രാധാന്യമുള്ള ജോലികള്‍ നിര്‍വഹിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും പറഞ്ഞു. ജോലി സമ്മര്‍ദ്ദം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സാങ്കേതികവിദ്യകള്‍ വര്‍ദ്ധിപ്പിച്ച് ജോലിഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.