കോട്ടയം കോടിമതയില്‍ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കൊല്ലാട് കുഴക്കീല്‍ ജെയ്മോന്‍ ജെയിംസ് (43), കൊല്ലാട് മംഗളാലയം അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ ജീപ്പ്. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൊലേറോ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
