ലോക സൗഹൃദ ദിനമായ ഇന്ന് മലയാള മനോരമ ദിനപത്രത്തിന് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് മാതൃഭൂമി ദിനപത്രം.പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് മാതൃഭൂമി മനോരമക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്നിട്ടുള്ളത്.ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ജാതി, മത, വര്‍ണ വ്യത്യാസമില്ലാതെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ സൗഹൃദ ബന്ധത്തെ തിരിച്ചറിയാനും ദൃഢമാക്കുവാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. സൗഹാര്‍ദ്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തമായ ബന്ധങ്ങള്‍ വികസിപ്പിക്കുവാന്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നു.
പ്രിയപ്പെട്ട മനോരമയ്ക്ക് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍ എന്നാണ് എഴുതിയിരിക്കുന്നത്. സൗഹൃദ ദിനത്തില്‍ ആളുകള്‍ പരസ്പരം സൗഹൃദ ദിനം ആശംസിക്കുന്ന അവസരത്തിലാണ് മലയാളത്തിലെ മുഖ്യധാര പത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് മാതൃഭൂമിയുടെ ആദ്യ പേജ് പങ്കുവെച്ചിരിക്കുന്നത്. ഈ സൗഹൃദ ദിനത്തിലെങ്കിലും മാതൃഭൂമിയും മനോരമയും ഒന്നായി എന്നാണ് ചിലരുടെ കമന്റുകള്‍. ഈ ആശംസയില്‍ ഒരു നിഗൂഢ പ്രണയം അടങ്ങിയിരിക്കുന്നുവെന്നും ചിലര്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ദിനപത്രമാണ് മനോരമ. വായനക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് മാതൃഭൂമിക്ക്.
