ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചു. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് മുന്‍ വൈദികന്റെ ആവശ്യം. റോബിന്‍ വടക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ ഇര സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയും ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്

പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ഇര ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബഞ്ച് നാളെ ഹർജികൾ പരിഗണിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ, ഉപ ഹർജിയിലാണ് ജാമ്യം തേടിയത്. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
ഹൈക്കോടതി ആവശ്യം തള്ളിയ സാഹചര്യത്തിലാണ് പ്രതിയും ഇരയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച്​ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡി എൻ എ ടെസ്​റ്റ്​ ഉൾപ്പെടെ നടത്തിയാണ്​ കുറ്റകൃത്യം തെളിയിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *