നിയമസഭ കയ്യാങ്കളി കേസില്‍ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരന്‍. ശിവന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ നാണംകെട്ട് പുറത്തുപോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കോടതിയുടെ മുന്നില്‍ കൈയ്യും കെട്ടി നില്‍ക്കുമ്പോള്‍ ധാര്‍മികത ബാധകമല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. ധാര്‍മികതയുടെ പേരില്‍ മന്ത്രി ശിവന്‍കുട്ടി രാജിവക്കണം. അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റ്. ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
രാജിവെക്കാതെ ജലീല്‍ അവസാനം വരെ പിടിച്ചുനിന്നില്ലേ. അവസാനം നാണംകെട്ട് പുറത്തുപോകേണ്ടി വന്നില്ലേ. ഇപ്പോള്‍ രാജിവെച്ചാല്‍ ധാര്‍മികതയുടെ പേരെങ്കിലും പറയാം. എന്നാല്‍ കോടതി ശിക്ഷിച്ചതിന്റെ പേരില്‍ പുറത്തുപോകേണ്ടി വന്നാല്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകും- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
