വീട് വൃത്തിയാക്കുന്നതിനിടെ ഇരുനില വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി താഴേക്കുവീണ യുവാവിനെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം നടന്നത്. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്.
വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയില്‍ കാല്‍വഴുതി താഴേക്കുവീണു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സഹോദരന്‍ സാദിഖ്. ഷഫീഖ് വീഴുന്നത് ഇദ്ദേഹം കണ്ടു. ഉടന്‍തന്നെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങിയെടുത്തു. ഇരുവരും മുറ്റത്ത് വീണു.
ആഘാതത്തില്‍ ഇരുവരും നിലത്തുവീഴുകയും സാദിഖിന് ഏറെസമയം എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. എന്നാല്‍ അല്പം കഴിഞ്ഞതോടെ സാദിഖ് സാധാരണ നിലയിലായി. വീട്ടിലെ സി സി ടി വിയിലാണ് രക്ഷപ്പെടുത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സോഷ്യല്‍ മീഡിയയിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
