തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിൽ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കിയിലെ ഡൈവേർഷൻ ഡാമുകളായ കല്ലാറും ഇരട്ടയാറും നിറഞ്ഞതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു.
അപകടനിലയിലേക്ക് ജലനിരപ്പ് ഉയർന്നതോടെ കെ.എസ്.ഇ.ബി.യുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, മൂഴിയാർ എന്നീ ഡാമുകളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചു.
നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകളും പേപ്പാറ ഡാമിന്റെ ഷട്ടറുകളും നിലവിൽ ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട മൂഴിയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റ് ഡാമുകളും തുറക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് മംഗലം ഡാമിന്റെ ആറു സ്പിൽവേ ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തി. വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകൾ തുറന്നതോടെ ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ ബോട്ടുകൾ, പള്ളിയോടങ്ങൾ, വള്ളങ്ങൾ എന്നിവ നദികളിൽ ഇറക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ശബരിമല തീർത്ഥാടകർ പമ്പ ഉൾപ്പെടെയുള്ള നദികളിൽ കുളിക്കാൻ ഇറങ്ങുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
