കല്‍പ്പറ്റ: എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ ജെ ബേബി (കനവ് ബേബി 70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27 നാണ് ബേബിയുടെ ജനനം. 1973-ല്‍ കുടുംബം വയനാട്ടില്‍ കുടിയേറിപ്പാര്‍ത്തു. നടവയലില്‍ ചിങ്ങോട് ആദിവാസി കുട്ടികള്‍ക്കായി, 1994 ല്‍ കനവ് എന്ന ബദല്‍ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടിയായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് സാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്ന ബേബി തന്റെ നാടുഗദ്ദിക എന്ന നാടകവുമായി സംസ്ഥാനത്തെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്‌കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. നാടുഗദ്ദിക, മാവേലി മന്റം, ബെസ്പുര്‍ക്കാന, ഗുഡ്‌ബൈ മലബാര്‍ തുടങ്ങിയവ ബേബിയുടെ കൃതികളാണ്. മാവേലി മന്റം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *