സേലം: തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി സേലത്തെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ഷട്ടറുകള്‍ തുറന്നത്. പതിദിനം 10,000 മുതല്‍ 12,000 വരെ ക്യുസെക്‌സ് അടി ജലം തുറന്നുവിടും. 45 ദിവസമാണ് ജലം തുറന്നുവിടുക. 13 ജില്ലകളിലായി എട്ട് ലക്ഷത്തോളം ഏക്കര്‍ സ്ഥലത്ത് ജലമുപയോഗിച്ച് കൃഷി നടക്കും.

സാധാരണ വര്‍ഷങ്ങളില്‍ ജൂണ്‍ മാസത്തിലാണ് മേട്ടൂര്‍ അണക്കെട്ട് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തുറക്കുക. ഇത്തവണ മഴ കുറഞ്ഞതും കാവേരി നദീജല വിഹിതം കര്‍ണാടക വിട്ടുനല്‍കാത്തതും കാരണം ഏറെ വൈകി. ഇതിനാല്‍ കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടും നേരിട്ടു. ജൂണ്‍ മാസത്തില്‍ ചെയ്യേണ്ട കുറുവ നെല്‍കൃഷി പലയിടത്തും നടന്നില്ല. ഡാമിലെ ജലനിരപ്പ് 90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സമ്പ നെല്‍കൃഷിയാണ് ഈ സീസണില്‍ കര്‍ഷകര്‍ ചെയ്യുക.

സേലം എയര്‍പോട്ടില്‍ നിന്നും റോഡ് ഷോ ആയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് മേട്ടൂരില്‍ എത്തിയത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ റോഡിനിരുവശവും തടിച്ചു കൂടിയത്. ഡാമിന്റെ ചരിത്രം വിവരിയ്ക്കുന്ന ഫൊട്ടോ പ്രദര്‍ശനവും കണ്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *