തിളച്ച പാല്‍ വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചതില്‍ സ്വകാര്യാശുപത്രിക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍.കുട്ടിയുടെ മരണം എരുമേലി സോണി ആശുപത്രിയുടെ അനാസ്ഥമൂലമാണെന്നാണ് പരാതി. കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പ്രിൻസ് തോമസിന്‍റേയും ഡിയാ മാത്യുവിന്‍റേയും മകൾ സെറാ മരിയയാണ് കഴിഞ്ഞ ദിവസം മരിച്ചത്.കഴിഞ്ഞ 12-നാണ് കുട്ടിക്ക് പൊള്ളലേല്‍ക്കുന്നത്. അടുക്കളയില്‍ തിളപ്പിച്ചുകൊണ്ടിരുന്ന പാല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകായിരുന്നു.
‘മിടുക്കിയായിരുന്നു അവള്‍, എന്റെ കുഞ്ഞിന് ഇങ്ങനെ വന്നു, ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത് എല്ലാ അമ്മമാര്‍ക്കുംവേണ്ടിയാണ് ഞാന്‍ പറയുന്നത്’- സെറയുടെ അമ്മ പറഞ്ഞു.ചികിത്സ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അണുബാധ ആരംഭിച്ചെങ്കിലും മറ്റെവിടേക്കും മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ബുധനാഴ്ച അര്‍ധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ഓക്സിജന്‍ നല്‍കുകയും ചെയ്തു.ഓക്സിജൻ വേർപ്പെടുത്തിയ ശേഷമാണ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആംബുലൻസിലേയ്ക്ക് മാറ്റിയതെന്നും ഇതടക്കം ഉണ്ടായ ചികിത്സ പിഴവുകളാണ് കുട്ടിയുടെ മരണകാരണമെന്നുമാണ് മാതാപിതാക്കളുടെ പരാതി.അസ്വാഭാവിക മരണത്തിന് കാഞ്ഞിരപ്പള്ളി പൊലീസ് സ്വമേധയാ കേസെടുത്തു. ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബാംഗങ്ങളും പരാതി നല്‍കും.