പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെക്കുറിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ഇടയിൽ ഭിന്നസ്വരം.പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരെ മുസ്ലീം ലീഗില്‍ എത്തിക്കണമെന്ന് കെ എം ഷാജി പറഞ്ഞു. പിഎഫ്‌ഐയില്‍ ഉള്ളവര്‍ മുസ്ലീം ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാകാം. എന്നാല്‍ അവരില്‍ നിന്നും മുഖം തിരിക്കരുത്. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. തെറ്റിദ്ധാരണകള്‍ മാറ്റി പറ്റുമെങ്കില്‍ അവരെ ലീഗില്‍ എത്തിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി അഭിപ്രായപ്പെട്ടു.പി.എഫ്.ഐ നിരോധനത്തിനു തൊട്ടുപിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് മുനീർ രംഗത്തെത്തിയിരുന്നു. കാരണങ്ങൾ കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കിൽ ആ നിലപാടിന്റെ കൂടെനിൽക്കുക മാത്രമാണ് ചെയ്യാനാകൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്രമാത്രം അക്രമങ്ങൾ അവർ അഴിച്ചുവിട്ടിട്ടുണ്ട്. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദാവാക്യമാണ് പോപുലർ ഫ്രണ്ട് മുഴക്കിക്കൊണ്ടിരിക്കുന്നതെന്നും മുനീർ ചൂണ്ടിക്കാട്ടി. വാളെടുക്കാൻ ആഹ്വാനം ചെയ്തവർ ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും നിലപാട് ആവർത്തിച്ചിരുന്നു. ഇക്കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്നാണ് മുനീർ വ്യക്തമാക്കിയത്.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ രാവിലെ അനുകൂലിച്ച ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. വൈകുന്നേരമായപ്പോഴേക്കും അത് തിരുത്തിയിരുന്നുവെന്നാണ് പി.എം.എ. സലാം വെള്ളിയാഴ്ച രാവിലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. നിരോധനത്തെ ലീഗ് സ്വാഗതംചെയ്യുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം സലാം പറഞ്ഞു.
‘എം.കെ. മുനീര്‍ നിരോധനത്തെ സ്വാഗതംചെയ്തിരുന്നല്ലോ’ എന്ന ചോദ്യത്തിന്, ”മുനീറിനും ഇതേ നിലപാടാണ്. ലീഗില്‍ വ്യത്യസ്താഭിപ്രായമില്ല, അഭിപ്രായങ്ങളില്‍ വൈരുധ്യവുമില്ല” എന്നായിരുന്നു മറുപടി. ”നിരോധനം നടന്നദിവസം രാവിലെ വാര്‍ത്ത വന്നയുടനെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തിടുക്കത്തിലുള്ള പ്രതികരണമാണ് നിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള മുനീറിന്റെ വാക്കുകള്‍. അന്നു വൈകീട്ട് കാര്യങ്ങള്‍ വിലയിരുത്തിയശേഷം അദ്ദേഹം കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്” -മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സലാം വിശദീകരണം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് സി.എച്ച്. അനുസ്മരണസമ്മേളനത്തിലാണ് തന്റെ നിലപാടില്‍ ഒരു വ്യത്യാസവുമില്ലെന്ന് എം.കെ. മുനീര്‍ വ്യക്തമാക്കിയത്. ”രാവിലെ പറഞ്ഞത് വൈകുന്നേരവും വൈകുന്നേരം പറഞ്ഞത് രാത്രിയും മാറ്റിപ്പറയുന്നവരുടെ കൂട്ടത്തില്‍ ലീഗുകാരെ എണ്ണേണ്ട. അങ്ങനെ മാറ്റിപ്പറയുന്നവനല്ല. ഒരു ബാപ്പയ്ക്ക് ജനിച്ചിട്ടുള്ളയാളാണ്” എന്നായിരുന്നു മുനീറിന്റെ വാക്കുകള്‍. പി.എം.എ. സലാമിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പരാമര്‍ശം. പിന്നീട് സലാം പ്രസംഗിച്ചെങ്കിലും ഇതേക്കുറിച്ചൊന്നും പറഞ്ഞില്ല.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല, ആശയപരമായി തകര്‍ക്കുകയാണ് വേണ്ടതെന്നാണ് ലീഗിന്റെ നിലപാടെന്നാണ് പത്രസമ്മേളനത്തില്‍ പി.എം.എ. സലാം വ്യക്തമാക്കിയത്. തുടക്കംമുതലേ അവരെ എതിര്‍ത്ത ഏകകക്ഷി മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു. ”കേരളത്തിലെ രണ്ട് കൊലപാതങ്ങളാണ് പി.എഫ്.ഐ.യുടെ നിരോധന ഉത്തരവില്‍ പറഞ്ഞത്. ഇതിലും എത്രയോ അധികം കൊലപാതകങ്ങള്‍ ഇന്ത്യയുടെ ഒരറ്റംമുതല്‍ മറ്റൊരറ്റംവരെ ചെയ്തുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ്. പോലുള്ള സംഘടനകളില്ലേ? അവരെയൊന്നും തൊടാതെ, അവരെയെല്ലാം പ്രോത്സാഹിപ്പിച്ച്, അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ പി.എഫ്.ഐയെ മാത്രം നിരോധിക്കുമ്പോള്‍ അത് ഏകപക്ഷീയമായമാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല”-സലാം പറഞ്ഞു.