കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന അഭിമാന മുഹൂര്‍ത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളെല്ലാം കൂടിയാലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഖാര്‍ഗെയെ പിന്തുണയ്ക്കും. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എമ്മിലോ ബി.ജെ.പിയിലോ മത്സരം നടക്കാറുണ്ടോ? ആരെയെങ്കിലും എവിടെയെങ്കിലും വച്ച് തീരുമാനിക്കുകയാണ് അവരുടെ പതിവ്. യോഗ്യതയുള്ള ആര്‍ക്കും മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. അത് ജനാധിപത്യ പാര്‍ട്ടിയുടെ മാത്രം സവിശേഷതയാണ്.

ഒന്‍പത് തവണ വിജയിക്കുകയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രിയാകുകയും ചെയ്തിട്ടുള്ള ദളിത് വിഭഗത്തില്‍പ്പെട്ട ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരമാണ്. നേതൃത്വത്തിലേക്ക് വരുന്ന അനുഭവ സമ്പത്തുള്ള പുതിയ നേതാവാണ് അദ്ദേഹം. പ്രായം ഒരു ഘടകമല്ല. പ്രായമായവരെ പറഞ്ഞു വിടുകയെന്നതില്‍ യോജിപ്പില്ല. അവരുടെ അനുഭവ സമ്പത്ത് കൂടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പിന്തുണയ്ക്കുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കില്ലെന്നും സതീശൻ പറഞ്ഞു.

ലഹരി വിരുദ്ധ കാമ്പയിന്‍ നാളെത്തന്നെ നടത്തണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കേണ്ട കാര്യമില്ല. നാളെത്തന്നെ നടത്തണമെന്ന് വാശി പിടിച്ചിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. അവര്‍ ഇന്ന് രാത്രി വിദേശത്തേക്ക് പോകുകയാണ്. നാളെത്തന്നെ തുടങ്ങണം എന്ന വാശിയിലാണെങ്കില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇവിടെത്തന്നെ നില്‍ക്കണമായിരുന്നു. ക്ലാസ് ഇല്ലാത്ത ദിവസമല്ല കാമ്പയിന്‍ നടത്തേണ്ടത്. ദുര്‍വാശികാട്ടി വിവാദമുണ്ടാക്കേണ്ട കാര്യമില്ല. പ്രതിപക്ഷം ഈ കാമ്പയിന് എതിരല്ല. വിഷയം നിയമസഭയില്‍ കൊണ്ടുവന്നത് തന്നെ പ്രതിപക്ഷമാണെന്നും വി ഡി സതീശൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *