സംസ്ഥാന ധന വകുപ്പിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് കൊണ്ട് ഓണക്കാലത്തെ നികുതി വരുമാനത്തിൽ വൻ കുറവ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി.
സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ പ്രതീക്ഷയുണ്ടായിരുന്നത് ഓണക്കാലത്തെ നികുതി വരുമാനത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് തത്കാലം മുന്നോട്ട് പോകാമെന്നതായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നത്.
7368.79 കോടി രൂപ മാത്രമാണ് ഈ ഓഗസ്റ്റ് മാസത്തിലെ നികുതി വരുമാനം. ജൂലൈയിൽ 7469.17 കോടി രൂപയും ജൂണില്‍ 8619.92 കോടി രൂപയുമായിരുന്നു സംസ്ഥാനത്തെ നികുതി വരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 8165.57 കോടി രൂപയാണ് നികുതിയിനത്തില്‍ സംസ്ഥാനത്തിന് വരുമാനമുണ്ടായത്. അതായത് ഒരു വർഷത്തിനിടെ 800 കോടി രൂപയുടെ കുറവ് ഈ വർഷം ഓഗസ്റ്റില്‍ ഉണ്ടായി. സാമ്പത്തിക പ്രതിസന്ധിയും നികുതി വരുമാനത്തിലെ കുറവും സംസ്ഥാനത്തെ പരിധി കടന്ന് കടമെടുക്കുന്നതിലേക്ക് തളളിവിടുകയും ചെയ്തു. 6348.16 കോടി രൂപയാണ് ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ കടമെടുത്തത്. ഈ വർഷത്തെ ഇതുവരെയുളള മൊത്തം കടം 23,735 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് ഉണ്ടായിരുന്നത് 14,023. 93 കോടി രൂപയുടെ കടം മാത്രം.

എന്തായാലും നികുതി വരുമാനത്തിലെ ഈ കുറവ് എന്തുകൊണ്ട് ഉണ്ടായി എന്നത് പ്രത്യേകം വിലയിരുത്തേണ്ടതാണ്. നികുതി പിരിവിലെ സർക്കാരിന്‍റെ വീഴ്ചയാണോ അതോ നികുതിച്ചോർച്ചയാണോ കാരണമെന്നത് അധികൃതർ തന്നെ വിശദീകരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *