ഹത്രാസ് സംഭവത്തിന് ശേഷം അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി. ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. ഹത്രാസിലേക്ക് കാപ്പൻ പോയത് മതസൗഹാർദ്ദം തകർക്കാനാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തി, പിഎഫ്ഐ മീറ്റിങ്ങുകളിൽ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്. മതസൗഹാർദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഹാത്രസിലേക്ക് പുറപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.
ഹാത്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ 2020 ഒക്ടോബർ 7 നാണ് കാപ്പൻ യുപി പൊലീസിന്റെ പിടിയിലാകുന്നത്. മസൂദ് അഹമ്മദ്, സിദ്ദിഖ് കാപ്പൻ, ആതികൂർ റഹ്മാൻ, മൊഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ കാപ്പന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.