പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ക്വട്ടേഷൻ നൽകി രണ്ട് പേരെ കൊലപ്പെടുത്തി 16 കാരൻ. ദീപാവലി ആഘോഷിക്കുന്നതിനിടെ വീടിന് പുറത്ത് വെച്ച് വെടിയേറ്റാണ് 44-കാരനും കൗമാരക്കാരനായ മരുമകനും കൊല്ലപ്പെട്ടത്. സംഭവത്തില്‍ 16-കാരന്‍ പിടിയിലായി. ഡല്‍ഹിയിലെ ഷഹ്ദാരയിലുള്ള ഫാര്‍ഷ് ബസാറിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

44-കാരനായ ആകാശ് ശര്‍മയും 16-കാരനായ ഋഷഭ് ശര്‍മയുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടുപേരും ആകാശ് ശര്‍മയുടെ പത്ത് വയസ്സുകാരനായ മകന്‍ കൃഷ് ശര്‍മയും ദീപാവലിയോടനുബന്ധിച്ച് വീടിന് പുറത്ത് പടക്കം പൊട്ടിക്കുകയായിരുന്നു.ഇതിനിടെ 16-കാരനായ ആണ്‍കുട്ടി ഇരുചക്രവാഹനത്തില്‍ വാടക കൊലയാളിയുമായി എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് 16-കാരന്‍ ആകാശ് ശര്‍മയുടെ കാല്‍ സ്പര്‍ശിക്കുന്നതിന് പിന്നാലെ വാടക കൊലയാളി വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ആകശ് ശര്‍മ കൊല്ലപ്പെടുകയും മകന് പരിക്കേല്‍ക്കുകയും ചെയ്തു. കൊലയാളികള്‍ക്ക് പിന്നാലെ ഓടിയ മരുമകനേയും വെടിവെച്ച് കൊലപ്പെടുത്തി.16-കാരന്‍ ആകാശ് ശര്‍മയ്ക്ക് പണം കടമായി നല്‍കിയിരുന്നതായും ഇത് തിരിച്ച് നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.17 ദിവസം മുമ്പാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കും ഇരയായ ആകാശിനും കുടുംബത്തിനുമെതിരെ മുമ്പും കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *