സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘ശക്തി’ പദ്ധതിയിൽ മാറ്റം വരുത്തില്ലെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഡി.കെ ശിവകുമാറിന്‍റെ പരാമർശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഒരു ക്ഷേമ പദ്ധതിയും പിൻവലിക്കില്ലെന്നും ഈ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഡി.കെ ശിവകുമാറിനെ വേദിയിലിരുത്തി ഖർഗെ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷികാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഖർഗെ. അതേസമയം, മല്ലികാർജുൻ ഖർഗെയുടെ ശാസനയ്ക്ക് പിന്നാലെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിലപാട് തിരുത്തി. രാജ്യത്തിന് തന്നെ മാതൃകയാണ് കർണാടകയിലെ ക്ഷേമപദ്ധതികളെന്ന് ഡി.കെ ശിവകുമാറും പറഞ്ഞു. ഇന്ന് ബി.ജെ.പിയും മറ്റ് പാർട്ടികളും ഇത് അനുകരിച്ച് പദ്ധതികൾ പ്രഖ്യാപിക്കുകയാണ്. ഇത്തരമൊരു ക്ഷേമ പദ്ധതി മാതൃക നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തൻ്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും മുതിർന്ന നേതാക്കൾ പറയുന്നത് എന്ത് തന്നെയായാലും അത് പാലിക്കുമെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു. കന്നഡ രാജ്യോത്സവ പരിപാടിയിൽ പങ്കെടുക്കവേയാണ് ശിവകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്നതാണ് ‘ശക്തി’ പദ്ധതി. ഈ പദ്ധതി പുനഃപരിശോധിക്കുമെന്ന് ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *