കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. 20 വര്‍ഷ തടവ് 10 വര്‍ഷമായി കോടതി കുറച്ചു. പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.
ശിക്ഷാവിധിക്കെതിരേ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയില്‍ ജസ്റ്റിസ് നാരായണ പിഷാരടി ഉള്‍പ്പെടെയുള്ള ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു. ഈ വാദത്തിനൊടുവിലാണ് ശിക്ഷാ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് റോബിന്‍ വടക്കുംചേരിക്കെതിരെ ചുമത്തിയിരുന്നത്. പോക്‌സോ കേസ് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ വിചാരണക്കോടതി ശരിവെച്ചത്. ഇതിനെതിരെയാണ് ഫാദര്‍ റോബിന്‍ അപ്പീല്‍ നല്‍കിയത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *