ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു. യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച് ഹമാസ് മിസൈൽ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്ന് ഇസ്രയേൽ വാദിക്കുന്നത്. വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും നിരവധി കേന്ദ്രങ്ങളിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു. കുട്ടികൾ അടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഏഴു ദിവസത്തെ വെടിനിർത്തലിൽ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്.ഇസ്രയേലി ജയിലുകളിൽ തടവിലായിരുന്ന 240 പലസ്തീനികളും സ്വതന്ത്രരായി.വെടിനിർത്തൽ നീട്ടാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെ ആണ് അപ്രതീക്ഷിതമായി ഇസ്രയേൽ ഇന്ന് രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്. സമാധാനക്കരാർ ലംഘിച്ച ഹമാസ് ഇസ്രയേലി നഗരങ്ങൾ ലക്ഷ്യമാക്കി മിസൈൽ തൊടുത്തു എന്നാണ് ഇസ്രയേലിന്റെ ആരോപണം. ബന്ദികളായ എല്ലാ സ്ത്രീകളെയും മോചിപ്പിക്കുമെന്ന വാക്കും ഹമാസ് പാലിച്ചില്ലെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി. വെടിനിർത്തൽ അവസാനിച്ച പ്രാദേശിക സമയം രാവിലെ ഏഴു മുതൽതന്നെ ഗാസയിൽ കനത്ത ആക്രമണം ഇസ്രയേൽ തുടങ്ങുകയായിരുന്നു. സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ഇസ്രയേൽ ചെയ്യണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *