പത്തനംതിട്ട മല്ലപ്പള്ളിയിൽ മാമോദീസാ ചടങ്ങിലെ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ നടപടി. പരിപാടിക്ക് ഭക്ഷണം പാകം ചെയ്ത് എത്തിച്ച ചെങ്ങന്നൂരിലെ ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സ്ഥാപനത്തിൻറെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയാണ് നടപടി. കൂടുതൽ പരിശോധനകൾക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും.

സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു.വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകൾ നടന്നത്.

ഉച്ചയ്ക്ക് നടന്ന വിരുന്നിൽ നോൺവെജ് വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ചെങ്ങന്നൂരിൽനിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം പാകംചെയ്ത് എത്തിച്ചത്. ഏകദേശം 190 പേർ വിരുന്നിൽ പങ്കെടുത്തിരുന്നു.വെള്ളിയാഴ്ച രാവിലെ മുതലാണ് വിരുന്നിൽ പങ്കെടുത്ത പലർക്കും വയറിളക്കവും ഛർദിയും അനുഭവപ്പെട്ട് തുടങ്ങിയത്. വിരുന്നിൽ പങ്കെടുത്ത എഴുപതോളം പേർ രണ്ടുദിവസങ്ങളിലായി അടൂർ, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *