പാലക്കാട്: വീടിനുളളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചിറ്റൂർ സ്വദേശികളായ സത്യഭാമ, ബഷീർ എന്നിവരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.കെട്ടിടനിർമാണ ജോലിക്കായി വയോധികയുടെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് കൊടുമ്പ് തിരുവാലത്തൂർ ആറ്റിങ്കൽവീട്ടിൽ പത്മാവതി(74)യെ വീടിനുള്ളിൽ മരിച്ചനിലയിൽ പൊലീസ് കണ്ടെത്തിയത്. തറവാട്ടുവീട്ടിൽ ഒറ്റയ്ക്കായിരുന്നു പത്മാവതി താമസിച്ചിരുന്നത്. മകനും കുടുംബവും തറവാടിനോട് ചേർന്ന ഒരു വീട്ടിലാണ് താമസിക്കുന്നത്. മകൻ രാത്രി ഭക്ഷണം കഴിക്കാനായി എത്തിയ സമയത്താണ് പത്മാവതിയെ മരിച്ചനിലയിൽ കണ്ടത്. കഴുത്തിലുണ്ടായിരുന്ന മൂന്ന് പവൻ മാല നഷ്ടപ്പെട്ടിരുന്നു. മാല പൊട്ടുക്കുന്നതിനിടെ കഴുത്തിൽ പരുക്കേറ്റിട്ടുണ്ടായിരുന്നു.
പൊലീസ് അന്വേഷണത്തിൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗത്തിനിടെയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. വയോധികയുടെ വീട്ടിൽ ജോലിക്കായി എത്തിയതായിരുന്നു ഇരുവരും. തുടർന്ന് പത്മാവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കുകയും മോഷണം ആസൂത്രണം ചെയ്യുകയുമായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിക്കുന്ന സമയത്ത് പ്രതികൾ ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്നും പുറത്തുപോയി കഴിക്കാമെന്നും പറഞ്ഞ് ഇരുവരും ജോലി സ്ഥലത്തുനിന്ന് മാറുകയായിരുന്നു. ആ സമയം ഇരുവരും വയോധികയുടെ വീട്ടിൽ കയറുകയും മോഷണം നടത്തുകയുമായിരുന്നു.
കഴുത്തിൽ തോർത്ത് മുറുക്കിയാണ് പത്മാവതിയെ കൊലപ്പെടുത്തിയത്. തുടർന്ന് മാല മോഷ്ടിക്കുകയും ചിറ്റൂരിലെ ജ്വല്ലറിയിൽ വിൽക്കുകയും ചെയ്തു. സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രതിയായ സത്യഭാമ ജ്വല്ലറിയിൽ വന്ന് മാല കൊണ്ടുവന്നാൽ എടുക്കുമോയെന്ന് തിരക്കിയിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
