തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനുവിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് ഡിജിപി അനില്‍കാന്ത്. നാളെ 11 മണിക്ക് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ എത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ സുനുവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു.സുനു പിന്നീട് അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണലിനെ സമീപിക്കുകയും ആ കേസ് പരിഗണിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. 31-ാം തിയതിയ്ക്ക് മുമ്പ് മറുപടി നല്‍കണമെന്ന് സുനുവിനോട് ട്രിബ്യൂണല്‍ ആവശ്യപ്പെടുകയും ചെയ്തു. ട്രിബ്യൂണലിന് വിശദീകരണം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി ആവശ്യപ്പെട്ടത്.

തൃക്കാക്കരയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും. സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് പീഡന പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *