കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം. അശാസ്ത്രീയമായി നിര്‍മിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. ബസിന് തകരാറുകള്‍ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പാളും പറയുന്നത്. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവര്‍ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും ഫിറ്റ്‌നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിന്‍സിപ്പാള്‍ ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.
