സിബ്‌ഗത്തുള്ള, ചീഫ് എഡിറ്റർ, ജനശബ്ദം

എല്ലാകാലത്തും ആത്മാർത്ഥമായ സൗഹൃദ ബന്ധങ്ങൾ കാണാൻ ഏറെ ഭംഗിയാണ്. പരസ്പരമുള്ള ബന്ധത്തിലെ സ്നേഹവും മനസിലാക്കലും കൊടുക്കലും വാങ്ങലും അത്രത്തോളം സത്യസന്ധമാകുമ്പോൾ ഓരോ സൗഹൃദങ്ങളുടെ ആയുസ്സും കൂടും. ഗഫൂർക്കയും ഉറ്റ ചങ്ങാതി മൊയ്തു ഡോക്ടറും ഇത്തരത്തിൽ സൗഹൃദം എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തന്നവരാണ്. നാഷണൽ ഹോസ്പിറ്റലിൽ നിന്നും തന്റെ സേവനം ആരംഭിച്ച ഗഫൂർക്കക്ക് തുടർന്നുള്ള ജീവിതം സമ്മാനിച്ചതിൽ ഏറ്റവും പ്രിയപ്പെട്ടത് ഇന്നും ഉറ്റ ചങ്ങാതിയായ്‌ കൂടെയുള്ള തന്റെ കൂടെപ്പിറപ്പ് മൊയ്തു ഡോക്ടറാണ്. 55 വർഷം പിന്നിട്ടിട്ടും ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ലാതെ ഒരേമനസോടെ രണ്ടുപേർക്കും ഒരേപാതയിൽ പോകാൻ സാധിക്കുന്നു എന്നത് തികച്ചും ഇന്നത്തെകാലത്തു കൗതുകമുണർത്തുന്നത് തന്നെയാണ്.

1968 ൽ ആണ് ടി ടി ഗഫൂർ കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലോട്ട് സേവനമനുഷ്ടിക്കാനയി എത്തുന്നത്. അതുവരെ വയനാട് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. തന്റെ സഹോദരന്റെ പല ബന്ധങ്ങൾ വഴിയാണ് ഗഫൂർക്കക്ക് നാഷണൽ ആശുപത്രിയിൽ ജോലി ലഭിക്കുന്നത്. പണ്ട് മുതലേ മൊയ്തു ഡോക്ടർ എല്ലാവരും അറിയപ്പെടുന്ന ആത്മാർത്ഥമായ സേവനം അനുഷ്ഠിക്കുന്ന പ്രമുഖനായിരുന്നു. കൂടാതെ എംഇഎസിൽ വളരെയധികം സജീവമായി പ്രവർത്തിക്കുന്ന മുൻനിരക്കാരിൽ ഒരാളും കോഴിക്കോട്ടുള്ള മറ്റു എല്ലാ പ്രമുഖ പരിപാടികളിലും പങ്കെടുക്കുന്ന വ്യക്തിത്വത്തിന് ഉടമകൂടിയായിരുന്നു. അന്നത്തെ കാലത്ത് വിദേശ രാജ്യങ്ങളിൽ പോകാനുള്ള മെഡിക്കൽ സംവിധാനങ്ങൾ ലഭ്യമാകുന്ന ആശുപത്രിയും നാഷണൽ ആയിരുന്നു. അന്ന് തൊട്ട് തുടങ്ങിയ ബന്ധമാണ് ഗഫൂർക്കക്കും മൊയ്തു ഡോക്ടർക്കുമിടയിൽ. കാലത്തിന്റെ പോക്കിൽ ആ ബന്ധത്തിന്റെ ആഴം കൂടുകയല്ലാതെ ഒരുതരത്തിലുള്ള മങ്ങലും സംഭവിച്ചിട്ടില്ല.

ഒരു ഓടിട്ട വീട്ടിൽ നിന്നും ആരംഭിച്ച ആശുപത്രിയിൽ നിന്നും തുടങ്ങിയ മൊയ്തു ഡോക്ടറുടെ ഇന്നത്തെ വളർച്ച ഇപ്പോൾ എത്തിനിൽക്കുന്നത് വലിയ ഉയരത്തിൽ തന്നെയാണ്. നിലവിൽ കെഎംസിടി എഞ്ചിനീയറിംഗ് കോളേജ്, മെഡിക്കൽ കോളേജ് , ആയുർവേദ കോളേജ് , പോളിടെക്‌നിക് കോളേജ് തുടങ്ങി 35 സ്ഥാപനങ്ങൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. മൊയ്തു ഡോക്ടറുടെ വളർച്ചയുടെ എല്ലാപടികളിലും ഗഫൂർക്കയും കൂടെയുണ്ടായിരുന്നു. അല്ലെങ്കിൽ എല്ലാ കാര്യങ്ങൾക്കും അദ്ദേഹം ഗഫൂർക്കയെ കൂടെക്കൂട്ടിയിരുന്നു. സൗഹൃദം തുടങ്ങിയ കാലഘട്ടത്തിലെ പരിഗണനയ്ക്ക് ഇത്രയൊക്കെ വളർച്ചയുണ്ടായിട്ടും കുറവില്ല എന്നത് അദ്ദേഹത്തിന്റെ മനസിന്റെ വിശാലതയെ തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഗഫൂർക്കാക്കിപ്പോൾ 75 വയസ്സാണ്. തന്റെ സേവന രംഗത്ത് നിന്നും ഔദോഗികമായി വിരമിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും ജോലി തുടരുന്നുണ്ട് എന്നതാണ്. അതിനുപിന്നിൽ മൊയ്തു ഡോക്ടറാണ്. വിരമിച്ച തന്റെ സുഹൃത്തിന്റെ സാന്നിധ്യത്തിനും മേൽനോട്ടത്തിനും സേവന മികവിനും പകരം വെക്കാൻ ആരുമില്ലെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാകണം മൊയ്തു ഡോക്ടർ തന്റെ ഉറ്റ ചങ്ങാതിയെ ആശുപത്രിയിലോട്ട് തിരികെ വിളിച്ചു ജോലി തുടരാൻ ആവശ്യപ്പെട്ടത്. ഗഫൂർക്ക അതിൽ വളരെ സന്തോഷവാനാണ്. കാരണം ഗഫൂർക്കയുടെ എല്ലാ പ്രതിസന്ധികാലഘട്ടത്തിലും മൊയ്തു ഡോക്ടർ കൂടെനിന്നിട്ടുണ്ട്. തന്റെ ആദ്യത്തെ ഭാര്യക്ക് സ്തനാർബുദം വന്ന് ഏറെ വിഷമതകളിലൂടെപോകുന്ന സാഹചര്യത്തിൽ എല്ലാ ചികിത്സയും സൗജന്യമായി മൊയ്തു ഡോക്ടർ തന്റെ ആശുപത്രിയിൽ നിന്നും നൽകിയിരുന്നു. തുടർന്ന് ഭാര്യയുടെ മരണ ശേഷം മാനസികമായ ബുദ്ധിമുട്ടിലൂടെ പോയ സമയത്തും അദ്ദേഹം കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മണാശേരി കെഎംസിടി മെഡിക്കൽ കോളേജ് ഉദ്‌ഘാടന ദിവസങ്ങളിലായി പിണറായി വിജയൻ വന്ന സമയത് ഗഫൂർക്കയുടെ സാനിധ്യം മൊയ്തു ഡോക്ടർ ഉറപ്പുവരുത്തിയിരുന്നു. കൂടാതെ കെ കരുണാകരനുമായുള്ള ബന്ധവും മാറിവരുന്ന രാഷ്ട്രീയസാമൂഹ്യ വ്യക്തികളുമായി മൊയ്തു ഡോക്ടർക്കുള്ള ബന്ധവും ഗഫൂർക്കക്കും സഹായകരമായി മാറിയിട്ടുണ്ട്. അത്തരത്തിൽ എല്ലാ കാലത്തും രണ്ടുപേരും പരസ്പരം തണലായി മാറിയിട്ടുണ്ട്.

പാട്ട് ജീവനായ മുഹമ്മദ് റാഫിയെ അതിയായി സ്നേഹിക്കുന്ന ഒരു കലാപ്രേമികൂടെയാണ് ഗഫൂർക്ക. ഭാര്യ പാണംതറ സഫിയ. ഒരു മകനും മകളുമാണ് മക്കളായുള്ളത്. മൊയ്തു ഡോക്ടറുടെ മക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ ആധുനിക കാലഘട്ടത്തിൽ ഒരുപാട് സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടെങ്കിലും ഗഫൂർക്കയുടെ സാനിധ്യം മൊയ്തു ഡോക്ടർ ആഗ്രഹിക്കാൻ കാരണം അദ്ദേഹത്തിലുള്ള വിശ്വാസം കൊണ്ടും പ്രവർത്തനമികവുകൊണ്ടും കൂടെയാണ്. അത്രത്തോളം ആഴത്തിലാണ് അവരുടെ സൗഹൃദം പടർന്നു പന്തലിച്ചിരിക്കുന്നത്. കൂട്ടുകെട്ടുകൾക്ക് ആയുസ്സ് കുറയുന്ന ഇന്നത്തെ ജനതയ്ക്ക് ഈ സൗഹൃദം തീർച്ചയായും ഒരു മാതൃക തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *