തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയായി മരണപ്പെട്ട സിദ്ധാര്‍ഥന്റെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാറെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ നിലപാടില്‍ കുടുംബം തൃപ്തനാണെന്ന് അച്ഛന്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ എന്നല്ല കുറ്റവാളികള്‍ ഏത് സംഘടനയിലാണെങ്കിലും നടപടി സ്വീകരിക്കും. ഇത്തരം ആക്രമണങ്ങള്‍ ഒരു സംഘടനയും നടത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിലവിലെ അന്വേഷണത്തില്‍ തൃപ്തനാണെന്നും ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു.
സിദ്ധാര്‍ഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ട് പേര്‍ ഇന്ന് പിടിയിലായി. കൊല്ലം ഓടനാവട്ടം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ (21), കാശിനാഥന്‍, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് സിന്‍ജോയെ പിടികൂടിയത്. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി.