
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ. അഫാനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ അറസ്റ്റ് നടപടിയും ഇന്നുണ്ടാവും. വെഞ്ഞാറമൂട് പൊലീസാവും അറസ്റ്റ് രേഖപ്പെടുത്തുക. സഹോദരൻ അഫ്സാൻ, പെൺ സുഹൃത്ത് ഫർഹാന എന്നിവരെ സ്വന്തം വീട്ടിൽവച്ചും പിതാവിന്റെ സഹോദരൻ ലത്തീഫ് , ഭാര്യ ഷാഹിദ എന്നിവരെ ചുള്ളാളത്തെ അവരുടെ വീട്ടിലെത്തിയും കൊലപ്പെടുത്തിയ കേസുകളിലാണ് അറസ്റ്റ്. അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലിസ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് കഴിഞ്ഞാലുടൻ തെളിവെടുപ്പ് നടത്തും . അഫാന്റെ മാനസികനില പഠിച്ചശേഷം കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ നീക്കം. അഫാന് മാനസിക പ്രശ്നമുണ്ടോ എന്ന സംശയം നേരത്തേ പൊലീസ് ഉൾപ്പെടെ പ്രകടിപ്പിച്ചിരുന്നു. കൊലയ്ക്ക് കാരണം സാമ്പത്തിക പ്രശ്നമാണെന്നാണ് ഇപ്പോഴുള്ള നിഗമനം. എന്നാൽ തന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതായി അറിയില്ലെന്നാണ് അഫാന്റെ പിതാവ് അബ്ദുൾ റഹീം പറയുന്നത്. അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും, ഫർഹാനയുടെ സ്വർണം അഫാൻ പണയം വെച്ചപ്പോൾ തിരികെ എടുത്ത് നൽകാൻ പിതാവ് റഹിം പണം നൽകിയതിനെ കുറിച്ചും വിശദമായി അന്വേഷിക്കും. കടം നൽകിയ മുഴുവൻ പേരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അഫാന്റെ ആക്രമണത്തിന് ഇരയായ മാതാവ് ഷെമിയുടെ മൊഴി മജിസ്ട്രേറ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ചികിത്സയിൽ കഴിയുന്ന ഗോകുലം മെഡിക്കൽ കോളേജിലെത്തിയാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് റുബിനാ ഇസ്മൈലിൽ മൊഴിയെടുത്തത്. പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞതുപോലെ കട്ടിലിൽ നിന്നു തലയിടിച്ച് വീണു പരിക്കേറ്റെന്നാണ് മൊഴി നൽകിയതെന്ന് സൂചന.അപകടത്തെ കുറിച്ച് മാത്രമാണ് ചോദിച്ചത്. വെള്ളിയാഴ്ച രാത്രി 8.45ന് ആരംഭിച്ച മൊഴിയെടുക്കൽ ഒരു മണിക്കൂറോളം നീണ്ടു.