തിരുവനന്തപുരം പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ ചൊവ്വാഴ്ച കേരളത്തില്‍ എത്തും. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍ (എറണാകുളം, കാലടി സ്വദേശി), മകള്‍ സ്മൃതി മേനോന്‍ (3 വയസ്സ്) എന്നിവര്‍ ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയത്.
സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിമാനം പാത മാറ്റുകയും കറാച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായിരുന്നു. ഇവര്‍ പാക്കിസ്ഥാനില്‍നിന്ന് ഇന്ന് ഉച്ചയോടെ കൊളംബോയില്‍ എത്തി. തുടര്‍ന്ന് രാത്രി 12.30ന് ശ്രീലങ്കന്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോകും. ഇവിടെനിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയുളള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലേയ്ക്കു തിരിക്കുമെന്നു നോര്‍ക്ക അറിയിച്ചു.
മലയാളികളായ യാത്രക്കാര്‍ കുവൈത്തില്‍ നിന്നുള്ള ലോക കേരള സഭാംഗം മണിക്കുട്ടന്‍ എടക്കാട്ട് വഴിയാണ് നോര്‍ക്ക റൂട്ട്‌സിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് നോര്‍ക്ക കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിക്കുകയുമായിരുന്നു.
