തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക അരങ്ങേറുന്നു. തലസ്ഥാനത്ത് വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റു.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തെ വഴയിലയിലെ ആറാംകല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം. മണിച്ചന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മണിച്ചന്‍ മരിച്ചു.

രണ്ട് ദിവസം മുന്‍പാണ് മണിച്ചനും ഹരികുമാറും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ അരുണും ദീപക്കും ഇവിടെത്തിയിരുന്നു. നാല് പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *