തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ നിന്ന് പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലാണ് സംഭവം. കുമരനെല്ലൂര്‍ സ്വദേശി അദേശിനാണ്(10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം.

വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കെട്ടിടം പൊളിച്ചു പണിയുന്നതിനാല്‍ ഇവിടുത്തെ നൂറോളം വിദ്യാര്‍ഥികളെ സമീപത്തെ ഗേള്‍സ് എല്‍പി സ്‌കൂള്‍ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.

രാവിലെ 9.45ന് സ്‌കൂള്‍ വളപ്പിലേക്കു ബസില്‍ വന്നിറങ്ങുമ്പോഴാണ് കുട്ടിക്കു പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികള്‍ പറഞ്ഞു. സ്‌കൂള്‍ മുറ്റം പൂര്‍ണമായി ശുചീകരിച്ചിരുന്നില്ല. പാമ്പിനെ സ്ഥലത്തുണ്ടായിരുന്നവര്‍ അടിച്ചുകൊന്നു. ഇവിടെ പാറക്കെട്ടുകളുടെ ഇടയില്‍ നിന്ന് പാമ്പ് പുറത്തിറങ്ങിയതാവുമെന്നാണ് കരുതുന്നത്. കുട്ടി അപകടനില തരണം ചെയ്തു. കുമരനെല്ലൂര്‍ അയ്യത്ത് അനില്‍ കുമാര്‍ – ദിവ്യ ദമ്പതികളുടെ മകനാണ് ആദേശ്.

Leave a Reply

Your email address will not be published. Required fields are marked *