അധികാരമേറ്റ ഉടനെ തന്നെ അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക കോൺഗ്രസ്. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ​ഗൃഹജ്യോതി പദ്ധതിയ്ക്കും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ​ഗൃഹലക്ഷ്മി പദ്ധതിയ്ക്കും എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാ​ഗ്യ പദ്ധതിയ്ക്കും തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതിയ്ക്കും സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയ്ക്കുമാണ് മന്ത്രിസഭ അം​ഗീകാരം നൽകിയത്.
ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് സിദ്ധരാമയ്യ മന്ത്രിസഭ പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന പദ്ധതി ഓ​ഗസ്റ്റ് 15 മുതലും നടപ്പിൽവരും. അന്ന ഭാ​ഗ്യ പദ്ധതി പ്രകാരമുള്ള അരി വിതരണവും ജൂലൈ മാസം മുതലായിരിക്കും ആരംഭിക്കുക. യുവനിധി പദ്ധതിയുടെ ഭാ​ഗമായി ഡിപ്ലോമ എടുത്ത തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 1500 രൂപയും ബിരുദദാരികൾക്ക് മാസം 3000 രൂപയുമാണ് ധനസഹായമായി നൽകുക.

Leave a Reply

Your email address will not be published. Required fields are marked *