ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) അധികൃതരോട് ആവശ്യപ്പെട്ടു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ സി.ഡബ്ല്യു.സി അധികൃതർ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു ഇവർ.

എന്നാൽ, നവജാതശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ നിലവിൽ വിട്ടയയ്ക്കുന്നതിൽ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളുണ്ടെന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കി. തുടർന്ന് കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താത്കാലിക സംരക്ഷണത്തിനായി മാറ്റി. ആദ്യ ദിവസങ്ങളിൽ കൗൺസിലർമാരോട് ഒട്ടും സഹകരിക്കാതിരുന്ന പെൺകുട്ടി, തുടർച്ചയായ കൗൺസിലിംഗിന് ഒടുവിലാണ് കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്തിയത്.

മെയ് 25-നാണ് വയറുവേദനയ്ക്ക് ചികിത്സ തേടി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിയ പത്തൊൻപതുകാരി ശൗചാലയത്തിനുള്ളിൽ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിനെ ജനൽവഴി പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് ശൗചാലയത്തിന് പിന്നിലെ കാടുപിടിച്ച ഭാഗത്തുനിന്നും പൂർണ്ണവളർച്ചയെത്തിയ പെൺകുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിന് അടിയന്തര ചികിത്സ ലഭ്യമാക്കുകയായിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നത്. പെൺകുട്ടിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. താൻ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടി സി.ഡബ്ല്യു.സിക്ക് നൽകിയ മൊഴി. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഇതരസംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നെന്നും എന്നാൽ പ്രസവിച്ച വിവരമൊന്നും അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നും യുവതി അധികൃതരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *