ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ച ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചയ്ക്ക് മുന്നോടിയായി ശനിയാഴ്ച ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
അതേസമയം ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ പട്ടിണി ഭീതിതമായ അവസ്ഥയിലാണെന്ന് യുഎന്‍ വ്യക്തമാക്കി. തെല്‍ അവീവിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന്ഇസ്രായേല്‍ വ്യോമാതിര്‍ത്തി അടച്ചു.
അടുത്ത ആഴ്ച ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം നിര്‍ത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് ശക്തമായി ആവശ്യപ്പെട്ടതായും ചര്‍ച്ച തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ ട്രംപുമായി ചര്‍ച്ച നടത്തും.
ജനുവരിയില്‍ ട്രംപ് അധികാരമേറ്റ ശേഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനം. ശനിയാഴ്ച നെതന്യാഹു, അമേരിക്കക്ക് പുറപ്പെടും മുമ്പ് ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയുടെ യോഗം ചേരും. വെടിനിര്‍ത്തല്‍ നീക്കത്തെ ചെറുക്കുമെന്ന് മന്ത്രിമാരായ ബെന്‍ ഗവിറും, സ്മോട്രികും വ്യക്തമാക്കിയിരിക്കെ, സമവായ സാധ്യത അടഞ്ഞതായാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.