ഇരട്ട സഹോദരങ്ങൾ കോവിഡ് പ്രതിസന്ധി മൂലമുള്ള കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തു. കടുവാകുളം സ്വദേശികളായ നിസാറിനെയും നസീറിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്രെയിൻ സർവീസും കൂലിപ്പണിയുമടക്കമുള്ള ജോലികൾ ചെയ്തായിരുന്നു ഇവർ കുടുംബം നോക്കി നടത്തിയിരുന്നത്.എന്നാൽ, കോവിഡിനെത്തുടർന്ന് പണിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവർ. വീട് നിർമാണത്തിനായി ഇവർ ബാങ്കിൽനിന്ന് 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഒരു തവണ മാത്രമാണ് വായ്പ തിരിച്ചടച്ചിട്ടുള്ളത്. കോവിഡ് കാലത്ത് പണിയില്ലാതായതോടെ വായ്പ തിരിച്ചടവിനുള്ള എല്ലാ വഴികളും അടയുകയായിരുന്നു.

വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ വീട്ടിൽ നിരന്തരം എത്തിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ചയും ബാങ്ക് ഉദ്യോഗസ്ഥരെത്തി. ഇതിനുശേഷം മൂന്നു ദിവസത്തോളമായി ഇവർ പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാർ പറയുന്നു.

ഞായറാഴ്ച രാത്രി ഒൻപതിന്​ രണ്ടുപേരെയും നേരിൽകണ്ടതായി സുഹൃത്ത് പറഞ്ഞു. പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *