മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്റെ ബിജെപി പ്രവേശനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പരിഹസിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.ഇന്നത്തെ കോൺഗ്രസ്‌ നാളെത്തെ ബിജെപി എന്നായിരുന്നു മുമ്പ് നാം പറഞ്ഞിരുന്നതെങ്കിൽ ഇന്നത്തെ കോൺഗ്രസ്‌ ഇന്ന്തന്നെ ബിജെപിയാകുന്ന വിധത്തിൽ ഒളിംബിക്സിലെ വേഗറാണിയേക്കാൾ കൂറുമാറ്റത്തിന് വേഗതകൂടിയിരിക്കുകയാണ്. മണിപ്പൂരിലെയും ആസാമിലെയും കാലുമാറ്റം കേരളത്തിലെ കെപിസിസി പ്രസിഡന്റിന് മോഹമുണ്ടാക്കുന്നതായി മാറുമോയെന്നും എംവി ജയരാജന്‍ ചോദിച്ചു

എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം

മണിപ്പൂർ കോൺഗ്രസ്‌ അധ്യക്ഷന്റെ ബിജെപി പ്രവേശനം കെപിസിസി പ്രസിഡന്റിന് ഉത്തേജക മരുന്നാകുമോ?

     ഇന്നത്തെ കോൺഗ്രസ്‌ നാളെത്തെ ബിജെപി എന്നായിരുന്നു മുമ്പ് നാം പറഞ്ഞിരുന്നതെങ്കിൽ ഇന്നത്തെ കോൺഗ്രസ്‌ ഇന്ന്തന്നെ ബിജെപിയാകുന്ന വിധത്തിൽ ഒളിംബിക്സിലെ വേഗറാണിയേക്കാൾ കൂറുമാറ്റത്തിന് വേഗതകൂടിയിരിക്കുകയാണ്. മണിപ്പൂരിൽ കണ്ടത് അതാണ്. മണിപ്പൂർ കോൺഗ്രസ്‌ അധ്യക്ഷൻ ഗോവിന്ദ്ദാസ് കോർ ധൗജ്യ മാണ് ബിജെപിയിൽ ചേർന്നത്. അതിനുപുറമെ ആസാം എം. എൽ. എ. സുശാന്ത ബോർഗോ ഹെയ്നു ബിജെപിയിൽ ചേർന്നു. ഇത്തരം കാലുമാറ്റം ബിജെപി ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നു. നയമല്ല പണവും സ്ഥാനമാനവുമാണ് ഈ കൂറുമാറ്റങ്ങൾക്കെല്ലാം കാരണം. ദേശീയ രാഷ്ട്രീയത്തിൽ കള്ളപ്പണവും ജനാധിപത്യ കശാപ്പും ബിജെപിയെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തി. മനുഷ്യാവകാശ പ്രവർത്തകരുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയും യു. എ. പി. എ. കേസെടുത്തും കപട രാജ്യസ്നേഹം കാട്ടുന്നതിന്  കോടതിപോലും വിമർശിച്ചു. ഇസ്രായേൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മുന്നൂറോളം ഇന്ത്യൻ പൗരന്മാരുടെ ഫോൺ ചോർത്തിയ ലജ്ജാകരമായ നടപടി സ്വീകരിച്ചതോടെ മോഡി സർക്കാർ ജനങ്ങളുടെയും പാർലിമെന്റ് അംഗങ്ങളുടെയും ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കുമ്പോളാണ് ബിജെപിയിലേക്കുള്ള ഇത്തരം ചുവടുമാറ്റം.
  കോൺഗ്രസ്സേ ഇതെന്തുപറ്റി നിങ്ങൾക്ക്? ഒരിക്കലും നന്നാവില്ലേ? മണിപ്പൂരിലെയും ആസാമിലെയും കാലുമാറ്റം കേരളത്തിലെ കെപിസിസി പ്രസിഡന്റിന് മോഹമുണ്ടാക്കുന്നതായി മാറുമോ?.  " ബിജെപിയിൽ ചേരണമെന്ന് എനിക്ക് തോന്നിയാൽ ഞാൻ പോകുമെന്നായിരുന്നു " ഈ നേതാവിന്റെ പ്രഖ്യാപനം. അതുതന്നെയാണ് മണിപ്പൂർ പ്രസിഡന്റും ചെയ്തത്.

എം വി ജയരാജൻ

Leave a Reply

Your email address will not be published. Required fields are marked *