സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടൽ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ റിയാസാണ് മരിച്ചത്. കൂട്ടിക്കല്‍ ചപ്പാത്തിലാണ് അപകടമുണ്ടായത്.

കുട്ടമ്പുഴയില്‍ ഇന്നലെ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയില്‍ മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍ വീണാണ് പൗലോസ് മരിച്ചത്. പേരാവൂര്‍ നെടുംപുറംചാലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഒഴുക്കില്‍പ്പെട്ടാണ് രണ്ടര വയസുകാരിയെ കാണാതായത്. പേരാവൂര്‍ മേലെവെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് കാണാതായ ആള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരം. ശക്തമായ മഴയിൽ എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. കൊല്ലത്ത് മഴക്ക് നേരിയ ശമനമുണ്ട്. തീരദേശത്ത് കാറ്റിന്‍റെ ശക്തി കുറഞ്ഞു. വലിയ ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികൾ എല്ലാവരും മടങ്ങിയെത്താത്തത് ആശങ്കയുണ്ടാക്കുന്നു.അതേസമയം തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ ,പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *