മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറുടെ സ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും പ്രതിഷേധം കനപ്പിക്കുന്നതിനിടെയാണ് സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകി കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്.

സുരേന്ദ്രന്റെ കുറിപ്പ്

‘മാധ്യമപ്രവര്‍ത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി ഏതു ശിക്ഷ വിധിച്ചാലും കേരളത്തില്‍ ആരും അതിനെതിരെ രംഗത്തുവരുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ കളക്ടര്‍ ആയി നിയമിക്കേണ്ടിയിരുന്നോ എന്നകാര്യത്തിലും തര്‍ക്കമുന്നയിക്കാന്‍ നമ്മുടെ നാട്ടില്‍ അവകാശമുണ്ട്. എന്നാല്‍ അദ്ദേഹത്തിനെ കളക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയി. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നത്. സര്‍വ്വീസില്‍ തിരിച്ചെടുത്തയാളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നു’.

Leave a Reply

Your email address will not be published. Required fields are marked *