കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനം പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫിന്റെ പൂര്‍ണപിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സതീശന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് പിന്തുണ അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാന്‍ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് പിന്തുണച്ചു. വസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ലിംഗ സമത്വത്തിന് എതിരാണ്. ഇക്കാര്യത്തില്‍ മുനീര്‍ ഉയര്‍ത്തിയത് പ്രസക്തമായ ചോദ്യമാണ്. അദ്ദേഹം പുരോഗമന നിലപാടുള്ള നേതാവ് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, അട്ടപ്പാടി മധു കൊല കേസ് സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചെന്ന് വി ഡി സതീശന്‍ ആരോപിച്ചു .നാലാമത്ത പ്രോസിക്യൂട്ടര്‍ ആണ് നിലവിലുള്ളത്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നു. പ്രതികള്‍ക്ക് സി പി എം ബന്ധമുള്ളതിനാല്‍ സര്‍ക്കാരും പൊലീസും ഒത്തുകളിക്കുകയാണ്. വാളയാര്‍ മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആശങ്കയുണ്ട് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍ കേസ് നടത്തിപ്പില്‍ ഉണ്ടാകുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു
മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്നകേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ വൈകി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമനെ മജിസ്‌ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ലാ കളക്ടറായി നിയമിച്ചത് അനുചിതമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
സഹകരണ ബാങ്ക് പ്രതിസന്ധിയുടെ കാരണം കേരള ബാങ്ക് രൂപീകരണം ആണെന്ന് വി ഡി സതീശന്‍ ആരോപിച്ചു . കേരള ബാങ്ക് രൂപീകരിച്ചതോടെ ജില്ലാ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിനായി. അല്ലെങ്കില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ബാങ്കുകള്‍ക്ക് കഴിയുമായിരുന്നു. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ആദ്യ ദുരന്തമാണ് കരുവന്നൂരില്‍ സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വ കക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
