തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം കണ്ണാന്തുറയിൽ നിന്ന് കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട വള്ളം. അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു. ഒരാളെക്കൂടി ഇനി കണ്ടെത്താനുണ്ട്. കടൽ പ്രക്ഷുബ്ധമായത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഉപരോധം തീർത്തതിന് പിന്നാലെ ജില്ലാ കളക്ടർ ഇടപെട്ടിരുന്നു. നിലവിൽ കളക്ടറുടെ ഉത്തരവുപ്രകാരം സ്‌കൂബ ഡൈവിംഗ് ടീമിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നത്.
