ഒപ്പമുണ്ടായിരുന്ന യുവാവിനെ രക്ഷപ്പെടുത്തി
പാലക്കാട്: കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് സ്ത്രീ മരിച്ചു. കോയമ്പത്തൂർ സ്വദേശി ഭാനുപ്രിയ (40)ആണ് മരിച്ചത്. രണ്ട് പേരാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടത്. 35 വയസുള്ള ഭരത്തിനെ രക്ഷപ്പെടുത്തി.
തമിഴ്നാട്ടിൽ നിന്ന് പ്രദേശത്ത് എത്തിയ അഞ്ചംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ യാത്രാ നിരോധനം അറിയാതെ പാലക്കുഴി മേഖലയിലേക്ക് എത്തിയ അഞ്ചംഗ സംഘത്തിലെ ഒരു യുവാവും യുവതിയുമാണ് ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളച്ചാട്ടത്തിലേക്ക് വീണത്.
വീഴ്ചയിൽ യുവാവ് പാറക്കെട്ടുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ വടം ഉപയോഗിച്ച് താഴെയിറങ്ങിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
യാത്രാ നിരോധനം മറികടന്ന് സഞ്ചാരികൾ എങ്ങനെ ഈ മേഖലയിലേക്ക് എത്തി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.
