സംസ്ഥാനത്തെ സ്‌കൂളുകൾ വൈകാതെ തുറന്നേക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രി ആരോഗ്യ വിദഗ്ദരുമായി നടത്തിയ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിട്ടുണ്ട്.

വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം വന്ന ശേഷം, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്തതായിരിക്കും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ദ്ധർ മുന്നോട്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ വിമർശിക്കുന്ന ചിലരുണ്ടെന്നും, സോഷ്യൽ മീഡിയയിലൂടെ അത്തരം വിമർശനങ്ങൾ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ പരീക്ഷയിൽ ഇടവേള വേണമെന്നായിരുന്നു ആദ്യം ആവശ്യം, അത് നൽകിയപ്പോൾ ഇപ്പോൾ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമർശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നിലവിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചത്. വിദേശ സര്‍വ്വകലാശാലകളിലേയും രാജ്യത്തേയും ആരോഗ്യവിദഗ്ധര്‍, വൈറോളജിസ്റ്റുകള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവിലെ രോഗികളുടെ എണ്ണത്തിലെ വര്‍ധനവില്‍ ആശങ്ക വേണ്ടെന്നും തുടക്കം മുതല്‍ കേരളത്തിന്റെ പ്രതിരോധ സംവിധാനം ഫലപ്രദമാണെന്നും യോഗം വിലയിരുത്തി.
മരണനിരക്ക് കുറച്ച് നിര്‍ത്തിയതിനെ അഭിനന്ദിച്ച വിദഗ്ധര്‍ അത് ഉയരാതിരിക്കാന്‍ ശ്രദ്ധവേണമെന്ന് നിര്‍ദേശിച്ചു. രാത്രികാല യാത്രാ നിരോധനം പോലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമില്ല. വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകും. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് നിലവില്‍ രോഗബാധ അപകടകരമല്ലാത്ത സാഹചര്യമാണെന്നതിന്റെ സൂചനയാണ്. അതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ മേഖലകള്‍ തുറന്ന് കൊടുക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറ്റവും നന്നായി കൊവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *