തിരുവനന്തപുരം: പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു വി.ഡി. സതീശൻ.
2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കോടതികൾ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക.
കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകള്‍;
- പ്രീ പ്രൈമറി ടീച്ചര്‍ – കാറ്റഗറി നമ്പര്‍ – 519/2019
- എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് – കാറ്റഗറി നമ്പര്‍ – 203/ 2021
- എച്ച്.എസ്.ടി മലയാളം- – കാറ്റഗറി നമ്പര്‍ – 255/ 2021
- എച്ച്.എസ്.ടി ഹിന്ദി- – കാറ്റഗറി നമ്പര്‍ – 562/ 2021
- എച്ച്.എസ്.ടി ഇം?ഗ്ലീഷ്- കാറ്റഗറി നമ്പര്‍ – 254/ 2021
- എച്ച്.എസ്.ടി മാത്തമാറ്റിക്‌സ്- കാറ്റഗറി നമ്പര്‍ – 383/ 2020
- എച്ച്.എസ്.ടി നാച്വറല്‍ സയന്‍സ്- കാറ്റഗറി നമ്പര്‍ – 384/ 20208.
- ഫുള്‍ടൈം ജൂനിയര്‍ ടീച്ചര്‍ അറബിക് – കാറ്റഗറി നമ്പര്‍ – 520/ 2019
- പാര്‍ട്ട് ടൈം എച്ച്.എസ്.ടി ( ഹിന്ദി) – 422/2019
- എച്ച്.എസ്.ടി ഡ്രോയിംഗ് – കാറ്റഗറി നമ്പര്‍ – 524/ 201911.
- പാര്‍ട്ട് ടൈം ജൂനിയര്‍ അറബിക് യുപിഎസ് – കാറ്റഗറി നമ്പര്‍ – 402/ 2020
- ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ യുപിഎസ്- കാറ്റഗറി നമ്പര്‍ – 525/ 2019
- എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് -കാറ്റഗറി നമ്പര്‍ – 728 / 2021
- എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഇംഗ്ലീഷ് – കാറ്റഗറി നമ്പര്‍ – 730/ 2021
- എച്ച്.എസ്.എസ്.ടി ഹിസ്റ്ററി – കാറ്റഗറി നമ്പര്‍ – 486/ 2019
- എച്ച്.എസ്.എസ്.ടി ജൂനിയര്‍ സുവോളജി – കാറ്റഗറി നമ്പര്‍ – 738/ 202117.
- എച്ച്.എസ്.എസ്.ടി എച്ച്.എസ്.എസ്.ടി ജൂനിയര്‍ ജോഗ്രഫി – കാറ്റഗറി നമ്പര്‍ – 736/ 2021
- എച്ച്.എസ്.എസ്.ടി ജൂനിയര്‍ ബോട്ടണി – കാറ്റഗറി നമ്പര്‍ – 737/ 2021
മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ
ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പുതിയ എന്‍ഡിപിഎസ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. തിരുവനന്തപുരം, എറണാകുളം എന്‍ഡിപിസ് കോടതികളിലെ സ്ഥിരം തസ്തികകളുടെ എണ്ണം എട്ടില്‍ നിന്ന് പതിനൊന്നായി ഉയര്‍ത്തും. പുതിയ കോടതികളും ജീവനക്കാരുടെ നിയമനവും സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെങ്കിലും ലഹരിമരുന്നിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് തീരുമാനം.
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ സര്‍ക്കാര്‍ ആരംഭിച്ച ‘തൂഫാന്‍’ ലഹരി വിരുദ്ധ പദ്ധതി അതിശക്തമായി മുന്നോട്ട് പോകുകയാണ്. മയക്കുമരുന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയോ അവരെ സഹായിക്കുന്ന പൊതുപ്രവര്‍ത്തകരെയോ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പൂര്‍ണ പിന്തുണയുണ്ട്.
വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപേക്ഷകളുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ ആഴ്ച്ച തന്നെ തുക വിതരണം ചെയ്തു തുടങ്ങും. വയനാട് തുരങ്കപാതയിലെ മണ്ണിടിച്ചില്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് ലഭിക്കും.
ലയണല്‍ മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. ജിഎസ് ടി ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിവരികയാണ്.
ഇ.എസ്.എ പരിധി നിശ്ചയിക്കുന്ന കാര്യത്തില്‍ ഒരു ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. കാരണം വിദഗ്ധ സമിതി ഒരു ഡ്രാഫ്റ്റ് റിപ്പോര്‍ട്ടാണ് ചെയ്തിരിക്കുന്നത്. നേരത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം 13108 ചതുരശ്ര കിലോമീറ്ററായിരുന്നു നിശചയിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉമ്മന്‍.വി. ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ച് 9993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചു.123 വില്ലേജുകള്‍ ആയിരുന്നു. പിന്നീട് വില്ലേജുകള്‍ സ്പ്ലിറ്റ് ചെയ്ത് 131 വില്ലേജകുളിലായി പരിധി നിശ്ചയിച്ചു. 13000 ചതുരശ്രകിലോമീറ്ററായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അതില്‍ 3000 ചതുരശ്രകിലോമീറ്റര്‍ കുറച്ചു. അതിന് ശേഷം കഴിഞ്ഞ ഗവണ്‍മെന്റ് 98 വില്ലേജുകളാക്കി കുറച്ചു. ഇപ്പോഴുള്ള കരടില്‍ വന്നിരിക്കുന്നത് പതിനായിരത്തില്‍ താഴെ ഉമ്മന്‍.വി. ഉമ്മന്‍ കമ്മിറ്റി പറഞ്ഞ കാര്യമാണ്. അതിനെതിരായിട്ട് 98 വില്ലേജുകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. കമ്മിറ്റിയുടെ മുന്‍പാകെ ഇക്കാര്യം അറിയിച്ചിരുന്നു. അവര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഞാനും പരിസ്ഥിതി മന്ത്രി സണ്ണി ജോസഫും അടങ്ങുന്ന ഉദ്യോസ്ഥസംഘം വിദഗ്ധസമിതിയുമായി വളരെ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കരടിന്റെ കാലാവധി തീരുന്നതിനാലാണ് വീണ്ടും എക്സ്റ്റന്റ് ചെയ്യാന്‍ കരട് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇ. എസ്. എ നിയമത്തേക്കാള്‍ കര്‍ശനമാണ് വന നിയമം. യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഈ പതിനായിരം ചതുരശ്ര കിലോമീറ്റററില്‍ 9200 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് ഫോറസ്റ്റാണ്. 9990 ചതുരശ്ര കിലോമീറ്റര്‍ എന്നത് 8590 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ 98 വില്ലേജുകളില്‍ ഒതുങ്ങണമെന്നാണ് നമ്മുടെ ആവശ്യം. മറ്റൊരു കാര്യം കമ്മിറ്റിയുടെ മുന്‍പാകെ അവതരിപ്പിച്ച ഒരു കാര്യം ചില വില്ലേജുകളില്‍ ഫോറസ്റ്റ് ഉണ്ട് ബാക്കി ജനവാസ മേഖലയാണ്. ഈ ജനവാസമേഖലയെ ഒഴിവാക്കി പ്രഖ്യാപിക്കണമെന്നാണ്. ഒരു വില്ലേജ് മൊത്തമായി പ്രഖ്യാപിക്കരുത്. ഇത് പരിഗണിക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തുടരും. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കും. റെയില്‍വേ വിഭജനത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ ശക്തമായ എതിര്‍പ്പ് പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും നേരില്‍ കണ്ട് അറിയിക്കും.
സ്ത്രീകള്‍ പൊതുവേദികളില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകും സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് ഞങ്ങള്‍ക്ക് ഒരു യോജിപ്പുമില്ല. മാത്രമല്ല അത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല. ആ നിലപാടിനോട് ഞങ്ങള്‍ക്ക് ഒരു തരത്തിലും യോജിക്കാന്‍ പറ്റില്ല.പത്തൊന്‍പതാം നൂറ്റുാണ്ടില്‍ വല്ലതും പറയേണ്ട കാര്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പറയുന്നതിനോട് ശക്തമായ എതിര്‍പ്പുണ്ട്. സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും, അവര്‍ ജീവിതത്തിന്റെ മുഖ്യധാരയില്‍ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്നുമുള്ള പുരോഗമനപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. മാത്രമല്ല ഇസ്ലാമിക ചരിത്രവും അതുതന്നെയാണ് പറയുന്നത്. പ്രസ്താവന ഇസ്ലാമിനെ തെറ്റായി വാഖ്യാനിക്കുന്നതാണ്. പ്രവാചകന്റെ ആദ്യഭാര്യയായിരുന്ന ഖദീജ വലിയൊരു ബിസിനസ് വുമണ്‍ ആയിരുന്നു. വലിയ ബിസിനസുകാരിയായിരുന്നു. പ്രവാചകന്റെ മറ്റൊരു ഭാര്യ ഐഷ ജമല്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. സര്‍വസൈന്യാധിപയായിരുന്നു അവര്‍. ഇസ്ലാമിക ചരിത്രത്തില്‍ പറയുന്ന ബില്‍ക്കീസ് രാജ്ഞി, രാജ്ഞിയായിരുന്നു. ബിസിനസ് നടത്തിയിരുന്ന ഒരു വനിത, സര്‍വസൈന്യാധിപയായിരുന്ന ഒരു വനിത, രാജ്ഞിയായിരുന്ന ഒരു വനിത ഇതൊക്കെ ഇസ്ലാമിക ചരിത്രത്തിലുണ്ട്. ഖലീഫ ഉമറിന്റെ രാജസദസില്‍ മഹര്‍ കുറയ്ക്കാന്‍ വേണ്ടി തീരുമാനം എടുത്തപ്പോള്‍ ഒരു സ്ത്രീയാണ് ചോദ്യം ചെയ്തത് എന്ന് ചരിത്രത്തിലുണ്ട്. അവരെ എല്ലാവരും എതിര്‍ത്തപ്പോള്‍ ലോകത്തെ ഏറ്റവും നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമര്‍ പറഞ്ഞത് ആ സ്ത്രീ പറഞ്ഞതാണ് ശരിയെന്നാണ്. അതായത് രാജസദസില്‍ പോലും സ്ത്രീ ഉണ്ടായിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും കാന്തപുരത്തിന്റെ നിലപാടിനോടൊപ്പം നില്‍ക്കില്ല.
വന്ദേമാതരം ആലാപനത്തിന്റെ കാര്യം നേരത്തെ തന്നെ വ്യക്തമായി പറഞ്ഞിട്ടുളളതാണ്. ആഗസ്റ്റ് 15 ന് സര്‍ക്കാരിന്റെ ഒരു പരിപാടിയിലും ചൊല്ലിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളായിരുന്നു 14 ജില്ലകളിലും. ഇന്ത്യന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും വരുമ്പോള്‍ അവരുടെ പ്രോട്ടോകോള്‍ ആണ് നടപ്പാക്കുന്നത്. അവരുടെ പ്രോട്ടോകോള്‍ അനുസരിച്ച് അത് ചൊല്ലണം എന്നുളളതാണ് പ്രോട്ടോക്കോള്‍. ആ പ്രോട്ടോക്കോള്‍ നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അപ്പോള്‍ വൈസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടികളില്‍ അത് നടന്നു. ഇന്ത്യയിലെ എല്ലാ സ്ഥലത്തും അത് നടക്കുന്നുണ്ട്. ഞങ്ങളുടെ തീരുമാനവും പാര്‍ട്ടിയുടെ തീരുമാനവും ആദ്യത്തെ രണ്ട് സ്റ്റാന്‍സ ചൊല്ലിയാല്‍ മതി എന്നാണ്. പാര്‍ട്ടി പരിപാടികളിലും അല്ലാത്ത പരിപാടികളിലും അത് മാത്രമേ ചൊല്ലുകയുള്ളൂ. ഇക്കാര്യത്തില്‍ കൃത്യമായ നയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുണ്ട്. പക്ഷേ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും വരുമ്പോഴുള്ള പ്രോട്ടോക്കോള്‍ കേന്ദ്ര പ്രോട്ടോക്കോള്‍ ആണ്. ആ പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കും പരിപാടി. ഇന്ത്യന്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയുമൊക്കെ സംസ്ഥാന ഗവണ്‍മെന്റിന്റെ പരിപാടികള്‍ക്ക് ക്ഷണിക്കും. ഒരു സംശയവും വേണ്ട.
പ്രിയദര്‍ശിനി പദ്ധതി എക്സ്പര്‍ട്ട് കമ്മിറ്റി ഇന്ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള നല്ല നിര്‍ദേശങ്ങള്‍ എക്സ്പര്‍ട്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. ട്രാന്‍സ്പോര്‍ട്ട് മന്ത്രി അത് വിശദീകരിക്കും. അത് ഗവണ്‍മെന്റ് പരിശോധിച്ച് ആ ഇന്‍ഡസ്ട്രിയെക്കൂടി സംരക്ഷിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ എടുക്കും. ഇപ്പോള്‍ കെ. എസ്. ആര്‍.ടി.സിയില്‍ സൗജന്യയാത്ര കൊടുത്തപ്പോള്‍ എല്ലാവരും എതിര്‍പ്പ് പറഞ്ഞു. സൗജന്യയാത്ര കൊടുത്തിട്ടും കെ. എസ്. ആര്‍.ടി.സിക്ക് റെക്കോര്‍ഡ് കളക്ഷനാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ഗ്രാന്റ് കൊടുക്കാതെ സ്വതന്ത്രമായി നിലനില്‍ക്കാന്‍ പറ്റാവുന്ന തരത്തിലേക്ക് കെ. എസ്. ആര്‍.ടി.സിയെ കൊണ്ടുപോവുകയാണ് ഞങ്ങളുടെ ലക്ഷ്യം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എത്ര മനോഹരമായിട്ടാണ് ഈ ഓണക്കാലം കൈകാര്യം ചെയ്തത്. മന്ത്രിസഭായോഗത്തില്‍ ആ വകുപ്പിനെ പ്രത്യേകമായി അഭിനന്ദിച്ചു. ഓണാഘോഷം നല്ലരീതിയില്‍ സംഘടിപ്പിച്ചതിന് ടൂറിസം വകുപ്പിനെയും പ്രത്യേകമായി അഭിനന്ദിച്ചു. കേരളത്തിന്റെ മുക്കിലും മൂലയിലും 13 ഇനം അവശ്യസാധനങ്ങള്‍ എത്തിച്ചു. സര്‍വകാല റെക്കോര്‍ഡാണ് ഇത്്. എല്ലാവിഭാഗം ജനങ്ങള്‍ക്കും പണം കൊടുത്തു. ജനങ്ങള്‍ റോഡില്‍ ഇറങ്ങി, വലിയ ബിസിനസാണ് കേരളത്തില്‍ നടന്നത്.കേരളത്തില്‍ ഒരു കാലത്തും നടക്കാത്ത ബിസിനസ് എല്ലാ രംഗത്തും നടന്നു. വിപണിയെ സജീവമാക്കി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്. മാര്‍ക്കറ്റിനെ ഉത്തേജിപ്പിച്ച്് ഇക്കോണമിയെ ഉത്തേജിപ്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കും എന്നുള്ള ഗവണ്‍മെന്റിന്റെ നയമാണ് ഞങ്ങള്‍ ആദ്യം കിട്ടിയ ഒരു അവസരത്തില്‍ ഓണക്കാലത്ത് കൊടുത്തത്. ഒരാള്‍ക്കും പൈസ കൊടുക്കാതിരുന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കടമടക്കം ഞങ്ങള്‍ മാര്‍ക്കറ്റിലേക്ക് പൈസ പമ്പ് ചെയ്തു. ആളുകളുടെ കൈയില്‍ പൈസ വന്നു. ആളുകള്‍ ആ പണം ചെലവാക്കി അതിന് നികുതിയായി തിരിച്ചു കിട്ടി.
കഴിഞ്ഞ മൂന്നുമാസക്കാലത്ത് നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് പോര. ഞങ്ങള്‍ തൃപ്തരല്ല. ഇനിയും വരുമാനം വര്‍ദ്ധിപ്പിക്കണം. ഞങ്ങള്‍ ഖജനാവ് നിറയ്ക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടുപോകും. പ്രതിപക്ഷ നേതാവ് പൂവും തുമ്പിയും ഒക്കെ പറഞ്ഞിരുന്നു. ഞാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു നമ്മള്‍ ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട് തുമ്പി പൂവില്‍ നിന്ന് തേന്‍ കുടിക്കുന്നതു പോലെ ആകണം ഒരു ഭരണകൂടം നികുതി പിരിക്കേണ്ടത് ജനങ്ങളെ ദ്രോഹിക്കാതെ നികുതി പിരിക്കണം. അതല്ലേ ഞങ്ങള്‍ ചെയ്തത്്. അദ്ദേഹത്തിന് മനസിലായില്ലെന്ന് തോന്നുന്നു. അതാണ് ഞങ്ങള്‍ ചെയ്തത് നികുതി കൂട്ടിയോ ഞങ്ങള്‍ വന്നിട്ട് നികുതി കൂട്ടിയില്ല. ചില സാധനങ്ങള്‍ക്ക് നികുതി കുറച്ചു, നിങ്ങള്‍ അന്വേഷിക്കണം. ഇലക്ട്രിക്ക് വാഹനങ്ങള്‍ 20 ലക്ഷത്തില്‍ താഴെയുള്ളതിനും 10 ലക്ഷത്തില്‍ താഴെയുള്ളതിനും ഞങ്ങള്‍ നികുതി കുറച്ചു. അപ്പോള്‍ പലരും ചോദിച്ചു ധനസ്ഥിതി ഇത്രയും മോശമായ സ്ഥിതിയില്‍ എന്തിനാണ് നികുതി കുറച്ചത്. ഇപ്പോള്‍ നിങ്ങളൊന്ന് അന്വേഷിച്ചു നോക്കൂ കേരളത്തിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന എത്രമാത്രം വര്‍ദ്ധിച്ചുവെന്ന്. ഞങ്ങളുടെ സാമ്പത്തിക സമീപനം വളരെ വളരെ വ്യത്യസ്തമാണ്.
കടമെടുപ്പ് പരിധി വിട്ട്് വായ്പ എടുത്തിട്ടില്ല. കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ. പരിധി വിട്ടുള്ള കടം എങ്ങനെ എടുക്കാന്‍ പറ്റും? പരിധി വിട്ടുള്ള കടം എടുത്തത് കഴിഞ്ഞ ഗവണ്‍മെന്റാണ്. കാരണം ബജറ്റിന് പുറത്ത് കോടികള്‍ കടമെടുത്തു. അതിന്റെ ബാധ്യത 38,000 കോടി രൂപ കിഫ്ബി കൊടുത്ത കടബാധ്യത ഈ സര്‍ക്കാരിന്റെ തലയിലാണ്. കഴിഞ്ഞ ഗവണ്‍മെന്റ് വരുത്തിവെച്ച കടത്തിന്റെ ബാധ്യതയും ഈ സര്‍ക്കാരിന്റെ തലയിലാണ്. ഈ ഗവണ്‍മെന്റ് വേറൊരു പ്രശ്‌നം കൂടിയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി 55,000 കോടി രൂപ 15-ാം ധനകാര്യ കമ്മീഷന്‍ കൊടുത്തിരുന്നു. അത് ഞങ്ങള്‍ക്കില്ല. അത് വര്‍ദ്ധിക്കുമെന്നാണ് വിചാരിച്ചത്.
പതിനാറാം ധനകാര്യ കമ്മീഷന്‍ അറിയിച്ചത് റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് ഇല്ലെന്നാണ്. ആ ഗ്രാന്റ് കിട്ടുമെന്ന് കരുതിയാണ് കഴിഞ്ഞ ധനകാര്യമന്ത്രി ബജറ്റ് പോലും ഉണ്ടാക്കിയത്. പിനെ റവന്യു നികുതിയുടെ ഡെവല്യൂഷന്‍ ഗണ്യമായി 5000 കോടി കുറഞ്ഞു. കഴിഞ്ഞ ധനകാര്യമന്ത്രി തയ്യാറാക്കിയ 20,000 കോടി കേന്ദ്രത്തില്‍ നിന്നും ഞങ്ങള്‍ക്ക് കുറയുകയാണ്. രണ്ടാമത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3.5 ശതമാനമായിരുന്നു കടമെടുപ്പ് പരിധി. എന്നാല്‍ ഞങ്ങളുടെ പരിധി 3 ശതമാനമായി കുറച്ചു. അപ്പോള്‍ പരിധി വിട്ട് കടമെടുത്തുവെന്ന് പറയുന്നത് എങ്ങനെയാണ്. ഓണക്കാലത്ത് ചെലവാക്കിയ പണത്തിന്റെ വലിയൊരു ഭാഗം കഴിഞ്ഞ ഗവണ്‍മെന്റ് വരുത്തിവെച്ച കുടിശിഖയാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കടം കൂടി വീട്ടികൊണ്ടിരിക്കുകയാണ്. പരിധി വിട്ട് കടമെടുക്കാന്‍ കഴിയില്ല. പരിധി കുറയുകയാണ് ചെയ്തത്.
ചേന്തിയില്‍ പ്രശ്നമുണ്ടാക്കിയ ആളിനെ വ്യക്തിപരമായി അറിയില്ല. ആ വ്യക്തി മോശമായി പെരുമാറി. ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ ഡി.സി.സി അംഗമായത് എങ്ങനെയെന്ന് അറിയില്ല. ചേന്തിയിലെ പരിപാടിക്ക് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞത്് ക്രമിനല്‍ പശ്ചാത്തലമുള്ള ആളാണ് ആ പരിപാടി നടത്തുന്നത് എന്നാണ്. സമാനമായ പോലീസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് തന്നെ ആ പരിപാടി വേണ്ടെന്നു വച്ചതായി സംഘാടകരെ അറിയിച്ചിരുന്നതാണ്. ചെമ്പഴന്തിയിലെ പരിപാടിക്ക് പോകുന്ന വഴിയ്ക്ക് കുറെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നില്‍ക്കുന്നത് കണ്ടിട്ട് അവിടെ ഇറങ്ങിയതാണ്. അവരാരും എന്നെ തടഞ്ഞിട്ടില്ല. അവിടെ പുഷ്പാര്‍ച്ചന നടത്തണമെന്ന് പറഞ്ഞതുകൊണ്ടാണ് അവിടെ ഇറങ്ങിയത്. ഒരു വ്യക്തി വളരെ മോശമായി സംസാരിക്കുകയും അവിടേയ്ക്ക് പോകുന്നത് തടയുകയും ചെയ്തു. സംഘര്‍ഷം ഉണ്ടാക്കാതിരിക്കുന്നതിനുവേണ്ടി തിരികെ വണ്ടിയില്‍ കയറി. പോലീസ് സ്വമേധയാ കേസ് എടുക്കുകയായായിരുന്നു. പ്രശ്നമുണ്ടാക്കിയ ആളെ വ്യക്തിപരമായി അറിയില്ല. അദ്ദേഹത്തിന്റെ ഭാര്യ കൗണ്‍സിലറായിരുന്നു. അവരെ അറിയാം. അവര്‍ മരിച്ചപ്പോള്‍ ആ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നകേസിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല.
സിപിഎം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ മറച്ചുവയ്ക്കാന്‍ എസ്.എഫ്.ഐ കുട്ടികളെ കൊണ്ട് ചുടുചോറ് വാരിയ്ക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 100 ദിവസം കഴിഞ്ഞിട്ടേയുള്ളൂ. കുട്ടികളെക്കൊണ്ട് പോലീസിനെ കയ്യേറ്റം ചെയ്യിക്കുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിനു പിടിച്ച സംഭവമുണ്ടായി. ഇതെല്ലാം തല്ലുണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്യുന്നതാണ്. മുഖ്യമന്ത്രിയുമായി ബന്ധമുള്ള, കാസര്‍കോട് എംഡിഎംഎ കേസില്‍ പെട്ടയാളുടെ ഫോണ്‍ പരിശോധിച്ചില്ലെന്നു പറഞ്ഞാണ് ഡിവൈഎഫ്ഐ സമരം നടത്തിയത്. ആ കേസിലെ പ്രതിയുടെ ഫോണ്‍ പരിശോധിച്ചിട്ടാണ് ഗ്വാളിയോറില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറിയെ എംഡിഎംഎ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. അങ്ങനെ എത്രയോ പേര്‍ അറസ്റ്റിലായിരിക്കുന്നു. ഇത്തരക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ളത് മുന്‍ സര്‍ക്കാരാണ്.
കേരളത്തിലെ മയക്കുമരുന്ന സംഘത്തിന് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കിയ സര്‍ക്കാരായിരുന്നു മുമ്പുണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ ലഹരിമാഫിയയ്ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയാണ്. മയക്കുമരുന്നിനെതിരെയുള്ള തൂഫാന്‍ അക്ഷരാര്‍ഥത്തില്‍ കൊടുങ്കാറ്റുപോലെ കേരളത്തില്‍ ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തും പോലീസ് പരിശോധനകള്‍ നടത്തി കേസ് എടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രശംസാര്‍ഹമായ രീതിയിലാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. അതിനെ പ്രത്യേകമായി അഭിനന്ദിക്കുകയാണ്. കേരളം ഇതുവരെ കാണാത്ത മയക്കുമരുന്ന് വേട്ടയാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു. കോയമ്പത്തൂരില്‍ നിന്നാണ് 10 കോടി രൂപയുടെ മയക്കുമരുന്ന് കേരള പോലീസ് പിടിച്ചെടുത്തത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഹൃദയത്തിലേറ്റിയ പദ്ധതിയാണ് തൂഫാന്‍. മയക്കുമരുന്നില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള ആ ദൗത്യം നല്ലരീതിയില്‍ മുന്നേറുന്നതായി കണ്ടപ്പോള്‍ പണ്ട് ലഹരിമാഫിയയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന പലര്‍ക്കും വിഷമമുണ്ട്. മയക്കുമരുന്ന് കേസില്‍പെടുന്ന ഒരാളെയും ഈ സര്‍ക്കാര്‍ സംരക്ഷിക്കില്ല.
