പി ആർ ഏജൻസി ഉണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും കേരളത്തിൻറെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അവരാരും സ്വർണക്കള്ളക്കടത്തുകാരല്ല. സ്വർണ്ണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം. പിആർ ഏജൻസി ആരാണ് എന്താണ് ചെയ്യുന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. പാർലമെൻറ് തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മുന്നണിയിൽ അൻവറിനെ പ്രവേശിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ലെന്നായിരുന്നു അൻവർ വിഷയത്തിലുള്ള ചെന്നിത്തലയുടെ പ്രതികരണം. കൂട്ടായ ചർച്ചകളാണ് ആവശ്യം. അൻവർ ഉന്നയിച്ച കാര്യങ്ങൾ നേരത്തെ പ്രതിപക്ഷവും പറഞ്ഞതാണ്. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ല. പിണറായി വിജയനെന്നുള്ള വിഗ്രഹം തകർന്നു. അത് പുനർനിർമ്മിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.