ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിക്കും പെരുമാറ്റത്തിനുമെതിരെ രൂക്ഷ വിമർശനവുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സതീശൻ തന്റെ ശൈലി മാറ്റി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പദവിയുടെ ഗൗരവം ചിലപ്പോഴൊക്കെ അദ്ദേഹം മറന്നുപോകുന്നുണ്ടെന്നും ‘എടാ പോടാ’ എന്ന രീതിയിലുള്ള സമീപനം മാറ്റി ഇരുത്തംവന്ന നേതൃഗുണം കാണിക്കാൻ തയ്യാറാകണമെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.

അതേസമയം, സി.പി.എമ്മുമായുള്ള നിലവിലെ ബന്ധത്തെക്കുറിച്ചും വെള്ളാപ്പള്ളി തുറന്നടിച്ചു. ശബരിമല സ്ത്രീപ്രവേശന കാലത്ത് തന്നെ തലയിൽ ചുമന്നനടന്ന സി.പി.എമ്മുകാർക്ക് ഇപ്പോൾ താൻ കൊള്ളരുതാത്തവനായി മാറിയെന്നും എന്നാൽ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് പാർട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്തരം നിലപാടുകളിൽ യാതൊരു ആത്മാർത്ഥതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായി രണ്ടുതവണ ഇടതുമുന്നണി അധികാരത്തിൽ എത്തിയത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മാത്രം കഴിവുകൊണ്ടാണ്. അന്ന് അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവർ തന്നെ പിന്നീട് തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നത് ശരിയല്ല. എങ്കിലും, കാലാകാലത്തോളം ഒരു പാർട്ടി മാത്രം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നത് ജനാധിപത്യത്തിൽ എത്രത്തോളം ശരിയാണെന്നും വെള്ളാപ്പള്ളി സംശയം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *