ഇന്ധനവില വര്‍ധനക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെ കൊച്ചിയില്‍ ജോജു ജോര്‍ജിനെതിരായ യൂത്ത് കോണ്‍ഗ്രസ് ആക്രമണവും നിയമസഭയില്‍ ചര്‍ച്ചയായി. വിഷയത്തിൽ സഭയിൽ ഭരണപ്രതിപക്ഷ വാഗ്‌വാദം നടന്നു.സിനിമാ താരത്തെ വഴി തടഞ്ഞതും വാഹനം അടിച്ചു തകർത്തതും ആരെന്ന് ധനമന്ത്രി ചോദിച്ചു. എന്നാൽ എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മറുപടി നൽകി. തുടർന്ന് നടൻ ജോജു ജോർജിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായിലെന്ന് മുഖ്യമന്ത്രിയും സഭയിൽ ചൂണ്ടിക്കാട്ടി. ജോജു ജോർജിനെ മദ്യപാനിയായി ചിത്രീകരിച്ചത് പ്രതിപക്ഷ നേതാവ് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൊച്ചിയിലെ സമരം എന്തിനെന്ന് ജനം വിലയിരുത്തട്ടെ. ജോജുവിെന മർദിച്ചിട്ടില്ല. മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പൊലീസാണ്. സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കിൽ അനുശോചനം നടത്തേണ്ടിവന്നേനെയെന്നും സതീശൻ പറഞ്ഞു.

ഇന്ധനവില കൂട്ടുമ്പോഴുള്ള അധിക വരുമാനം സബ്സിഡിയായി നൽകണം. മീൻപിടിത്ത ബോട്ടുകൾ, ഓട്ടോ, ടാക്സി എന്നിവയ്ക്കും ഇളവ് നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഇന്ധന വില വർധന സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *