കൊച്ചി: യാക്കോബായ സുറിയാനി സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാരം ഇന്ന്. കാല്‍ നൂറ്റാണ്ട് തന്റെ കര്‍മ മണ്ഡലമായിരുന്ന പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേര്‍ന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ കോതമംഗലം ചെറിയ പള്ളിയിലെത്തിച്ച ഭൗതിക ശരീരത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് വൈകിട്ട് കോതമംഗലത്തു നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി സഭാ ആസ്ഥാനമായ പുത്തന്‍കുരിശിലെത്തിച്ചു. പതിറ്റാണ്ടുകളോളം തങ്ങളെ നയിച്ച വലിയ ഇടയനെ ഒരു നോക്കുകാണാനും ആദരാഞ്ജലിയര്‍പ്പിക്കാനും വഴിയിലുടനീളം വിശ്വാസികളടക്കം ആയിരങ്ങളാണ് കാത്തുനിന്നത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
