തിരുവന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ചിഹ്നം താമരയില്‍ നിന്നും മാറ്റി ചാക്ക് ആക്കണം. ദേശീയ അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ താളത്തിന് തുളളുന്നവരാണെന്നും മന്ത്രി പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് ബിജെപിയുടെ പ്രധാന നേതാക്കളെ ബാധിക്കുന്ന പ്രശ്‌നമാകാന്‍ പോവുകയാണ്. ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പിച്ചും പേയും പറയാതിരിക്കാന്‍ ഉറക്ക ഗുളിക കഴിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അതില്‍ ഉള്‍പ്പെടുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശാനെന്നും മന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി ചോദിച്ചു. അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് കൊടകര കള്ളപ്പണ കേസിലെ ഒന്നാംപ്രതി ധര്‍മരാജന്‍ സമ്മതിച്ചു. ചെറുപ്പത്തില്‍ ആര്‍എസ്എസുകാരന്‍ ആയിരുന്നുവെന്നും വാജ്പേയി സര്‍ക്കാരിന്റെ കാലംമുതല്‍ സുരേന്ദ്രനും ആയി നല്ല ബന്ധമുണ്ടെന്നും ധര്‍മരാജന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *