തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമുഖരെ ഇറക്കാൻ മുന്നണികൾ. കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കവടിയാർ വാർഡിലായിരിക്കും ശബരീനാഥൻ സ്ഥാനാർഥിയാകുക. എസ്പി ദീപക്, എസ് എ സുന്ദർ, വഞ്ചിയൂർ ബാബു എന്നിവർ സിപിഎം നിരയിലുള്ളപ്പോൾ വിവി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം.
ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന് കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കുന്നത്. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡിൽ വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ നിന്നും മത്സരിക്കുന്നത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിനാഥനെ മത്സരിപ്പിക്കാൻ ധാരണയായത്.
എന്നാൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമെന്നും സണ്ണി ജോസഫ് പറഞ്ഞു. താൻ അറിയാത്ത കാര്യമാണ് ശബരിനാഥന്റെ സ്ഥാനാർഥിത്വമെന്നും കാര്യങ്ങൾ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊള്ളുമെന്നും അദേഹം കൂട്ടിച്ചേർത്തു.
