തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഇത്തവണ ആര്യാ രാജേന്ദ്രന്‍ മത്സരിച്ചേക്കില്ല. മേയര്‍ സ്ഥാനത്തേയ്ക്ക് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ് പി ദീപക്കിനെ പരിഗണിക്കുന്നതായാണ് വിവരം.

എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് എസ് പി ദീപക്. ഇതിന് പുറമേ ആളുകളുമായി പുലര്‍ത്തുന്ന അടുത്ത ബന്ധവും മുന്നണി പരിഗണിക്കുന്നുണ്ട്.
മുന്‍ എം പി എ സമ്പത്തിനെയും മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായാണ് വിവരം. മുതിര്‍ന്ന നേതാവെന്ന പരിഗണനയും ദീര്‍ഘനാളായി എംപി സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുള്ള പരിചയവുമാണ് സമ്പത്തിലേക്ക് മുന്നണിയെ എത്തിച്ചത്. സമ്പത്തിനെ ഏത് വാര്‍ഡിലേയ്ക്ക് പരിഗണിക്കണം എന്നടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും വിവരമുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നായിരുന്നു ആര്യാ രാജേന്ദ്രന്‍ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെ 2872 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ആര്യാ രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 21-ാം വയസിലായിരുന്നു ആര്യ, മേയര്‍ പദവിയിലേക്ക് എത്തിയത്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ മാറിയിരുന്നു. മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആര്യയ്‌ക്കെതിരെ പല വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. മേയര്‍ സ്ഥാനത്തുള്ള പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ അടക്കം ലഭിച്ച അവാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സിപിഐഎം വിമര്‍ശനങ്ങളെ നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *